ബിഹാര്‍ : കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ബി.ആര്‍.അംബേദ്കറുടെ പ്രതിമ അശുദ്ധമാക്കിയെന്നാരോപിച്ച് സി.പി.ഐ-ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ ഗംഗാജലമുപയോഗിച്ച് പ്രതിമ കഴുകി. ബിഹാര്‍ ബെഗുസരായിലാണ് സംഭവം. 

ഫെബ്രുവരി 14-ന് പൗരത്വ നിയമ ഭേദഗതിക്കനുകൂലമായി നടന്ന റാലിയില്‍ പങ്കെടുക്കുന്നതിനായി ബെഗുസരായില്‍ ഗിരിരാജ് സിങ് എത്തിയിരുന്നു. ബല്ലിയ ബ്ലോക്കിലെുള്ള അംബേദ്കറുടെ പേരിലുള്ള പാര്‍ക്കിലായിരുന്നു റാലി. റാലിയെ അഭിസംബോധന ചെയ്യുന്നതിന് മുമ്പ് ഗിരിരാജ് സിങ് പാര്‍ക്കിലുള്ള അംബേദ്കറുടെ പ്രതിമയ്ക്ക് മാല ചാര്‍ത്തി. 

ഏകദേശം 24 മണിക്കൂറിനുശേഷം, പ്രാദേശിക സിപിഐ നേതാവ് സനോജ് സരോജ്, ആര്‍ജെഡിയുടെ വികാസ് പാസ്വാന്‍, രൂപ നാരായണ്‍ പാസ്വാന്‍ എന്നിവര്‍ ഒരു ബക്കറ്റ് വെള്ളവുമായി പാര്‍ക്കിലെത്തി. ഗംഗയില്‍ നിന്നെടുത്ത ആ ജലം പ്രതിമയുടെ മേല്‍ തെളിച്ച് പ്രവര്‍ത്തകര്‍ ജയ് ഭീം മുദ്രാവാക്യം വിളിക്കുകയും ചെയ്തു. 

സിപിഐ ആര്‍ജെഡി പ്രവര്‍ത്തകര്‍ പ്രതിമ ശുദ്ധമാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഗിരിരാജ് സിങ് ബല്ലിയയിലെ അന്തരീക്ഷം മലിനപ്പെടുത്തിയെന്നും അദ്ദേഹത്തിന്റെ പ്രസംഗം ബല്ലിയയെ മിനി പാകിസ്താനായി മാറിയെന്നും അവര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. 

അംബേദ്കര്‍ എന്തിനെതിരെയെല്ലാം പൊരുതിയിട്ടുണ്ടോ അതിന് വേണ്ടി നിലയുറപ്പിച്ച വ്യക്തിയാണ് ഗിരിരാജ് സിങ്ങെന്നും അതിനാല്‍ പ്രതിമയെ മാല ചാര്‍ത്തുന്നതിലൂടെ അതിനെ അശുദ്ധമാക്കുകയാണ് ചെയ്തതെന്നുമാണ് പ്രവര്‍ത്തകരുടെ ആരോപണം 

Content Highlights: CPI and RJD workers purified  BR Ambedkar  statue alleging that it was defiled by Union Minister Giriraj Singh