ഗില്‍ജിത്: ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിക്കെതിരെ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനില്‍ പ്രതിഷേധം. ചൈനയുടെ 'വണ്‍ ബെല്‍റ്റ് വണ്‍ റോഡ്' പദ്ധതിയുമായി ബന്ധപ്പെട്ട് പാകിസ്താന്‍ അടക്കം 29 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഉച്ചകോടി ബെയ്ജിങ്ങില്‍ നടക്കുന്നതിനിടയിലാണ് പ്രതിഷേധം ശക്തമായത്.

കാരക്കോറം സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍, ബല്‍വാരിസ്ഥാന്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍, ഗല്‍ജിത് ബാള്‍ട്ടിസ്ഥാന്‍ യുണൈറ്റഡ് മൂവ്‌മെന്റ് തുടങ്ങിയ വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയ്‌ക്കെതിരായി പ്രതിഷേധമുയര്‍ത്തുന്നത്. ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലൂടെ കടന്നുപോകുന്ന ഈ പാത, നിയവിരുദ്ധമായി ഗില്‍ജിത്തിനെ കീഴ്‌പെടുത്താനുള്ള ചൈനയുടെ ശ്രമമാണെന്നും അത് ഗില്‍ജിത് ബാള്‍ടിസ്ഥാനെ അടിമത്തത്തിലേയ്ക്കാണ് നയിക്കുകയെന്നും പ്രക്ഷോഭകര്‍ പറയുന്നു.

ചൈനീസ് സാമ്രാജ്യത്വം അവസാനിപ്പിക്കുക എന്നെഴുതിയ ബാനറുകളുമായാണ് പ്രക്ഷോഭകര്‍ സമരം നടത്തുന്നത്. തര്‍ക്കപ്രദേശമായ ഗല്‍ജിത്തിലേയ്ക്കുള്ള ചൈനയുടെ കടന്നുകയറ്റം ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തുന്നത്. പാകിസ്താന്റെ സഹായത്തോടെയാണ് ചൈനയുടെ അധിനിവേശമെന്നും അവര്‍ ആരോപിക്കുന്നു. ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം പാകിസ്താനില്‍ തുടരുന്നത് ഇതിന്റെ തെളിവായി പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടുന്നു.