ദിസ്പുര്‍: ഓടക്കുഴല്‍ വായന ശ്രവിക്കുന്ന പശുക്കള്‍ കൂടുതല്‍ പാല്‍ ചുരത്തുമെന്ന്‌ ബിജെപി എംഎല്‍എ. അസമിലെ മുതിര്‍ന്ന ബിജെപി നേതാവും സില്‍ച്ചര്‍ എംഎല്‍എയുമായ ദിലിപ് കുമാര്‍ പോളാണ് ഈ വാദം ഉന്നയിച്ചത്. ചൊവ്വാഴ്ച സില്‍ചറില്‍ നടന്ന  സാംസ്‌കാരികപരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്.  

ശ്രീകൃഷ്ണന്‍ പുല്ലാങ്കുഴല്‍ വായിച്ചിരുന്നതുപോലെ പുല്ലാങ്കുഴല്‍ വായിച്ചുകേട്ടാല്‍ പശുക്കള്‍ നിലവില്‍ നല്‍കുന്നതിന്റെ ഇരട്ടി പാല്‍ ചുരത്തുമെന്നാണ്‌ നേതാവിന്റെ വാദം. സംഗീതവും നൃത്തവും പശുക്കളില്‍ സ്വാധീനം സൃഷ്ടിക്കുമെന്നും ഓടക്കുഴല്‍ വായന കേള്‍ക്കുന്നത് പാലുല്‍പാദനം കൂട്ടുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ദിലിപ് കുമാര്‍ പോള്‍ പറഞ്ഞു.  

ഗുജറാത്ത് ആസ്ഥാനമായ ഒരു സന്നദ്ധസംഘടന വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇക്കാര്യത്തില്‍ പഠനം നടത്തിയതായും ഇക്കാര്യം ശാസ്ത്രീയമായി തെളിയിച്ചതാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. വിദേശജനുസ്സില്‍ പെട്ട പശുക്കളില്‍ നിന്ന് ലഭിക്കുന്ന വെളുത്ത പാലിനേക്കാള്‍ പോഷകസമ്പുഷ്ടമായത് ഇന്ത്യന്‍ പശുക്കളില്‍ നിന്ന് ലഭിക്കുന്ന മഞ്ഞനിറം കലര്‍ന്ന പാലും പാലുല്‍പന്നങ്ങളും ആണെന്ന് ദിലിപ് കുമാര്‍ വാദിക്കുന്നു. 

അസം, മേഘാലയ, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാന അതിര്‍ത്തികള്‍ വഴി ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് കന്നുകാലികളെ  കടത്തുന്നതിനെ കുറിച്ചുള്ള ആശങ്കയും പങ്കു വെച്ചു. ഗോമാതാക്കളെ ഇത്തരത്തില്‍ കടത്തുന്നത് അവസാനിപ്പിക്കാനുള്ള നടപടികള്‍ ആവശ്യമാണെന്നും അസം നിയമസഭ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ ദിലീപ് കുമാര്‍ പോള്‍ പറഞ്ഞു. 

Content Highlights: Cows produce more milk if flute is played in Lord Krishna style says BJP MLA