പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പുണെ: വിദേശയാത്ര ചെയ്യേണ്ടവര്‍ക്ക് ജനനതീയതി അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രണ്ട് വാക്സിനും സ്വീകരിച്ചവര്‍ക്ക് അടുത്ത ആഴ്ച മുതല്‍ ഇത് ലഭ്യമായിത്തുടങ്ങും. വാക്സിന് സര്‍ട്ടിഫിക്കറ്റിന്റെ സാങ്കേതികത്വം സംബന്ധിച്ച് ബ്രിട്ടണും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ജനനതീയതി കൂടി ഉള്‍പ്പെടുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
അന്താരാഷ്ട്ര യാത്രികര്‍ക്ക് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരം വാക്സിന് സ്വീകരിച്ചയാളുടെ ജനനതീയതി വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന യുകെയുടെ നിലപാടനുസരിച്ചാണ് പുതിയ മാറ്റം കൊണ്ടുവരുന്നതെന്ന് കോവിന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ പേര്, പ്രായം, ലിംഗം, റഫറന്‍സ് ഐഡി, വാക്സിന്റെ പേര്, ഡോസ് സ്വീകരിച്ച തീയതി, ആദ്യ ഡോസിന്റെ തീയതി, വാക്സിന് നല്കിയ ആളുടെ പേര്, വാക്സിനേഷന് കേന്ദ്രത്തിന്റെ പേര്, നഗരം/സംസ്ഥാനം എന്നിവയാണുള്ളത്. ഇതിനൊപ്പം വാക്സിന് സ്വീകരിച്ച ആളുടെ ജനന തീയതി കൂടി, ദിവസം-മാസം-വര്‍ഷം എന്ന ക്രമത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ ഒരു മാറ്റവും വരുത്തേണ്ട ആവശ്യമില്ലെന്നും അത് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളനുസരിച്ചുള്ളതാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. വിദേശ യാത്ര നടത്തേണ്ടവര്‍ക്കുവേണ്ടി മാത്രമാണ് ജനന തീയതി കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ യാത്ര നടത്തേണ്ടവര്‍ക്ക് കോവിന്‍ പോര്‍ട്ടലില്‍ ജനന തീയതി കൂടി ചേര്‍ത്ത ശേഷം പുതിയ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നും വക്താവ് പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് കോവിഡ് വാക്സിനെടുത്തവര്‍ രാജ്യത്തെത്തിയാല്‍ പത്ത് ദിവസം നിര്‍ബന്ധിത ക്വാറന്റീന് പാലിക്കണമെന്ന നിര്‍ദ്ദേശം ബ്രിട്ടന് പുറപ്പെടുവിച്ചിരുന്നു. യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പേയും രാജ്യത്തെത്തി രണ്ടാം ദിവസവും കോവിഡ് പരിശോധന നടത്തണമെന്നും ബ്രിട്ടന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബ്രിട്ടനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടതെന്നായിരുന്നു യുകെയുടെ നിലപാട്. ഇന്ത്യ സര്‍ട്ടിഫിക്കറ്റില്‍ നല്‍കുന്നത് വയസ് മാത്രമാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും യുകെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ സര്‍ട്ടിഫിക്കറ്റ് തിരുത്തിയാല്‍ മാത്രമേ നിര്‍ബന്ധിത ക്വാറന്റീന് ഒഴിവാക്കുകയുള്ളൂ എന്നും ബ്രിട്ടന് നിലപാടെടുത്തിരുന്നു.
Content Highlights: CoWIN to add date of birth for fully vaccinated going abroad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..