ന്യൂഡല്‍ഹി: അടുത്തയാഴ്ചയോടെ ഹിന്ദിയിലും പതിനാല് പ്രാദേശിക ഭാഷകളിലും കോവിന്‍ പോര്‍ട്ടല്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് 19-ന്റെ വകഭേദങ്ങളെക്കുറിച്ച് പഠിക്കാന്‍ ഐ.എന്‍.എസ്.എ.സി.ഒ.ജി. ശൃംഘലയിലേക്ക് 17 ലാബോറട്ടറികളെ കൂടി ഉള്‍പ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നത മന്ത്രിതല യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. 

നിലവില്‍ കോവിഡിന്റെ വകഭേദങ്ങളെ കുറിച്ച് പഠിക്കാന്‍ 10 രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്ത് ലാബോറട്ടറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കൂട്ടത്തിലേക്കാണ് 17 ലാബോറട്ടറികളെ കൂടി ഉള്‍പ്പെടുത്തുന്നത്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കാനും വിശകലനം നടത്താനുമാണ് ഇത്. 

രാജ്യത്തെ പുതിയ കോവിഡ് കേസുകളുടെ എണ്ണം 26 ദിവസത്തിനിടെ ആദ്യമായി മൂന്നുലക്ഷത്തില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ സജീവ കേസുകളുടെ എണ്ണത്തില്‍ 1,01,461-ന്റെ കുറവുണ്ടായതായും യോഗത്തില്‍ ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. 

content highlights: cowin portal in hindi and 14 regional languages, more labs to monitor covid variants