ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യുന്ന കോവിന്‍ പോര്‍ട്ടല്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാര്‍ത്ത വ്യാജമാണെന്നും കേന്ദ്രസര്‍ക്കാര്‍. 

എന്നിരുന്നാലും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. 

കോവിഡ് വാക്‌സിനേഷന്‍ വിവരങ്ങള്‍ വിശ്വസനീയവും സുരക്ഷിതവുമായ ഡിജിറ്റല്‍ പരിസരത്തിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കോവിന്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന വാര്‍ത്തകള്‍ തള്ളിക്കൊണ്ട് ആരോഗ്യമന്ത്രാലയവും വാക്‌സിന്‍ വിതരണത്തിന്റെ എംപവേഡ് ഗ്രൂപ്പ് ചെയര്‍മാന്‍(ഇ.ജി.വി.എ.സി.) ആര്‍.എസ്. ശര്‍മയും പറഞ്ഞു.

കോവിന്‍ ഹാക്ക് ചെയ്യപ്പെട്ടതായി അടിസ്ഥാനരഹിതമായ ചില വാര്‍ത്തകള്‍ കണ്ടു. അവ പ്രഥമദൃഷ്ട്യാല്‍ തന്നെ വ്യാജമാണ്. എന്നിരുന്നാലും വിഷയം കമ്പ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്‌പോണ്‍സ് ടീമിനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ആരോഗ്യ മന്ത്രാലയവും ഇ.ജി.വി.എ.സിയും തീരുമാനിച്ചതായി സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 

കോവിന്നിലെ വിവരങ്ങള്‍ പുറത്തുള്ള മറ്റൊന്നുമായും പങ്കുവെക്കുന്നില്ലെന്നും ആര്‍.എസ്. ശര്‍മ പറഞ്ഞു. കോവിന്നില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ജിയോ ലൊക്കേഷന്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണവും അദ്ദേഹം തള്ളി. ആളുകളുടെ ജിയോ ലൊക്കേഷന്‍ കോവിന്‍ ശേഖരിക്കാറില്ലെന്നും ശര്‍മ വ്യക്തമാക്കി. 

content highlights: cowin hacked reports fake- government