ന്യൂഡല്‍ഹി:  ആള്‍ക്കൂട്ട കൊലപാതകങ്ങളിലും ഗോസംരക്ഷണത്തിന്റെ പേരിൽനടന്ന കൊലപാതകങ്ങളിലും നടപടിയെടുത്തതിന്റെ വിശദ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജൂലൈ 17 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നത്.

ഇതനുസരിച്ച് 11 സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് പാലിക്കാത്ത സംസ്ഥാനങ്ങള്‍ക്കാണ് ഒരാഴ്ചകൂടി സമയം അനുവദിച്ചിരിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ അതാത് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ വിളിച്ചുവരുത്തുമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. 

കോണ്‍ഗ്രസ് നേതാവായ തെഹസീന്‍ പൂനാവാല നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. രാജസ്ഥാനില്‍ ക്ഷീരകര്‍ഷകനായ രഖ്ബാല്‍ ഖാന്‍ ജൂലൈ 20 ന് ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോടതിവിധി നടപ്പിലാക്കുന്നതില്‍ വീഴ്ചവരുത്തിയ രാജസ്ഥാന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്ന് കാട്ടിയാണ് ഹര്‍ജി നല്‍കിയത്. 

ഹര്‍ജി പരിഗണനയ്‌ക്കെടുത്ത സമയത്ത് ആൾക്കൂട്ട ആക്രമണങ്ങള്‍ തടയാനാകുന്ന തരത്തിലുള്ള നിയമനിര്‍മാണത്തിന്റെ സാധ്യതതകള്‍ പരിശോധിക്കാന്‍ മന്ത്രിതലസമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. 

അതേസമയം ഓരോ സംസ്ഥാനങ്ങളിലും ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനായിരിക്കണം ഇതിന് മേല്‍നോട്ടം നല്‍കേണ്ടതെന്നും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉണ്ടായേക്കാന്‍ സാധ്യതയുള്ള വിഷയങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുക, വിദ്വേഷ പ്രസംഗങ്ങള്‍, പ്രകോപനപരമായ പ്രസ്താവനകള്‍, വ്യാജ വാര്‍ത്തകള്‍ എന്നിവ തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഉണ്ടായ ആള്‍കൂട്ടകൊലപാതകങ്ങള്‍ നടന്ന സ്ഥലങ്ങള്‍ കണ്ടെത്താന്‍ മൂന്നാഴ്ച സമയം നല്‍കിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിലെ പോലീസ് സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ജാഗ്രതപാലിക്കണമെന്നും ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ അതാത് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാര്‍ ഇവര്‍ക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.