ഭോപ്പാല്‍: ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. പശുവിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്ക് മൂന്നു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കുംവിധം നിയമ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ഗോ സംരക്ഷണ നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഭേദഗതിചെയ്യാന്‍ ഒരുങ്ങുകയാണ് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. പശുക്കളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് നിയമമന്ത്രി പി.സി ശര്‍മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍, പശുക്കളെ സംരക്ഷിക്കുകയോ അവയെ പരിപാലിക്കുകയോ ചെയ്യാത്തവര്‍ അക്രമം നടത്തുന്നു. അത്തരം നടപടികള്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

പശു സംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്നവരില്‍നിന്ന് 50,000 രൂപ പിഴ ഈടാക്കാനും നീക്കമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വാഹനങ്ങളില്‍ പശുക്കളെ കൊണ്ടുപോകുന്നതിന് സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടിന്റെ സമ്മതപത്രം നിര്‍ബന്ധമാക്കാനും നീക്കമുണ്ടെന്നാണ് സൂചന. പശുക്കളെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നവരുടെ സുരക്ഷ ഉറപ്പാക്കാനാണിത്.

Content Highlights:  Cow vigilantes, Madhya Pradesh