പ്രതീകാത്മകചിത്രം | ഫോട്ടോ : മാതൃഭൂമി
ഭുവനേശ്വര്‍: പശുവിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ചുള്ള തര്‍ക്കം ഒടുവില്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിയായെത്തിയപ്പോള്‍ കുഴങ്ങിയത് പോലീസുകാരും പാവം പശുവും. പരാതിയെ തുടര്‍ന്ന് പശുവിനെ സ്റ്റേഷനില്‍ ഹാജരാക്കാന്‍ ഒഡിഷയിലെ കോരാപുത് പോലീസ് ആവശ്യപ്പെട്ടു. പശുവിന് ഉടമസ്ഥനെ മനസിലാക്കാന്‍ സാധിക്കുമെന്നും അല്ലെങ്കില്‍ സ്വന്തം തൊഴുത്തിലേക്ക് പശു സ്വയം മടങ്ങിപ്പോകുമെന്നുമായിരുന്നു പോലീസിന്റെ ധാരണ. എന്നാല്‍ പിന്നീട് നടന്നത് മൊത്തം കോമഡി.
ഒക്ടോബര്‍ 31 നാണ് അശോക് നഗറിലെ കമല മുദുലി എന്ന സ്ത്രീ പ്രമോദ് റൗത്ത് എന്നയാള്‍ക്കെതിരെ പരാതിയുമായി സ്റ്റേഷനിലെത്തിയത്. തന്റെ നാഗമണിയെന്ന പശുവിനെ പ്രമോദ് മോഷ്ടിച്ചു എന്നായിരുന്നു പരാതി. ബലം പ്രയോഗിച്ച് തന്റെ പശുവിനെ അയാളുടെ തൊഴുത്തില്‍ കെട്ടിയെന്നും എത്ര അപേക്ഷിച്ചിട്ടും പശുവിനെ തിരികെ നല്‍കിയില്ലെന്നും പരാതിയില്‍ കമല പറഞ്ഞു.
പോലീസ് പ്രമോദിനോട് സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. പശുവിനെ താന്‍ നബരംഗ്പുരില്‍ നിന്ന് കൊണ്ടുവന്നതാണെന്നും ലക്ഷ്മി എന്നാണ് അതിന്റെ പേരെന്നും പ്രമോദ് പോലീസിനെ അറിയിച്ചു. പശുവിനെ സ്റ്റേഷനിലെത്തിക്കാന്‍ നിര്‍ദേശം നല്‍കി. പശുവിനെ അഴിച്ചു വിട്ടാല്‍ അത് സ്വന്തം വീട്ടിലേക്ക് പോകുമെന്നായിരുന്നു പോലീസ് കരുതിയത്. എന്നാല്‍ അഴിച്ചു വിട്ട പശു നിന്നിടത്ത് നിന്ന് അനങ്ങാന്‍ കൂട്ടാക്കിയില്ല.
പേര് വിളിച്ചാല്‍ പശു പ്രതികരിക്കുമെന്നായി രണ്ട് ഉടമസ്ഥരുടേയും വാദം. അത് പരീക്ഷിക്കാമെന്ന് പോലീസ് കരുതി. എന്നാല്‍ നാഗമണിയെന്നും ലക്ഷ്മിയെന്നുമുള്ള വിളിയോട് പശു സമാനരീതിയില്‍ പ്രതികരിച്ചതോടെ പോലീസ് പിന്നെയും ഞെട്ടി. തുടര്‍ന്ന് പോലീസ് പ്രദേശത്തെ മൃഗഡോക്ടര്‍മാരുടെ സഹായം തേടി. കമലയുടേയും പ്രമോദിന്റെയും വീടുകളില്‍ ഇതേ പശുവിനെ ചികിത്സിക്കാന്‍ പോയതായി ഡോക്ടര്‍മാര്‍ അറിയിച്ചതോടെ വിഷയത്തില്‍ തീര്‍പ്പ് കണ്ടെത്താനാകാതെ പോലീസ് കുഴങ്ങി.
എന്തായാലും പശുവിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പശുവിനെ തത്ക്കാലം മറ്റൊരാളുടെ വീട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. രണ്ട് വ്യത്യസ്ത പരാതികള്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസിന്റെ കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനത്തിലെത്താന്‍ സാധിക്കുമെന്ന് പോലീസ് വക്താവ് അറിയിച്ചു.
Cow summoned to Odisha police station to solve ownership dispute
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..