ഗാന്ധിനഗര്‍: ഗോ സംരക്ഷണത്തിന് പുതിയ നിയമം നടപ്പാക്കിയതിനു പിന്നാലെ പശുക്കളുമായി ബന്ധപ്പെട്ട പുതിയ വ്യവസായങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍. ഇതിനായി പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.

പശുക്കളില്‍നിന്നുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന വ്യവസായ സംരഭങ്ങള്‍ ആരംഭിക്കാനാണ് ഗുജറാത്ത് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്. പാല്‍, നെയ്യ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ കൂടാതെ ചാണകം, ഗോമൂത്രം, മരുന്നുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയും പശുക്കളില്‍നിന്ന് വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിച്ച് വില്‍പന നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യാനും പുതിയ മാര്‍ഗ്ഗങ്ങളിലൂടെ വില്‍പന നടത്താനും പദ്ധതിയുണ്ട്.

പശു ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനും വിപണനത്തിനുമായി ചേംബര്‍ ഓഫ് കൊമേഴ്‌സ്, വ്യവസായ സംഘടനകള്‍, പ്രധാനപ്പെട്ട കമ്പനികള്‍ തുടങ്ങിയവയുമായി 'ഗോ സേവ ആയോഗ്' ചര്‍ച്ചകളും കൂടിക്കാഴ്ചകളും നടത്തിവരികയാണ്. പദ്ധതിക്കായി ഗുജറാത്ത് സര്‍ക്കാര്‍ പ്രത്യേക തുക നീക്കിവയ്ക്കും.

പശു ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ വിപണന സാധ്യതയാണുള്ളതെന്ന് 'ഗോ സേവാ ആയോഗി'ന്റെ ചെയര്‍മാന്‍ ഡോ. വല്ലഭ് കത്തിരിയ പറഞ്ഞു. ഇതുവരെ പശുക്കളില്‍നിന്നുള്ള ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനുള്ള ശ്രമം ഉണ്ടായിട്ടില്ല. ആയിരക്കണക്കിന് പേര്‍ക്ക് ജോലി നല്‍കാനും ഈ സംരംഭത്തിനാകും. പ്രധാനപ്പെട്ട വ്യവസായ സംരഭകര്‍, വ്യവസായ സംഘടനകള്‍ തുടങ്ങിയവയെയൊക്കെ പദ്ധതി നടത്തിപ്പിനായി ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നഗരപ്രദേശങ്ങളിലടക്കം പശു ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായും കടകളിലൂടെയും വില്‍പന നടത്താനാണ് ഉദ്ദേശിക്കുന്നത്. പശുപരിപാലനത്തിനായി സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കാണ്ടുള്ള പദ്ധതിയാണ് പരിഗണനയിലുള്ളത്. 

പുതിയ ഗോ സംരക്ഷണ നിയമത്തെക്കുറിച്ചും വ്യവസായ സംരംഭങ്ങളെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുന്നതിനായി 'ഗോ സന്ദ് സമ്മേളന്‍' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. കൂടാതെ, 'ഗോ രക്ഷാ ജന്‍ ജാഗ്രതി യാത്ര' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി യാത്ര നടത്താനും ബിജെപി ഉദ്ദേശിക്കുന്നുണ്ട്.