അലഹബാദ് ഹൈക്കോടതി | Photo: ANI
അലഹബാദ്: രാജ്യത്ത് ഗോഹത്യ നിരോധിക്കാന്‍ കേന്ദ്രം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കരുതുന്നതായി അലഹബാദ് ഹൈക്കോടതി. പശുക്കളെ സംരക്ഷിത ദേശീയ മൃഗമാക്കണമെന്നും ജസ്റ്റിസ് ഷമിം അഹമ്മദിന്റെ ബെഞ്ച് ആവശ്യപ്പെട്ടു. ഇന്ത്യ മതേതര രാജ്യമായതിനാല്‍ എല്ലാ മതങ്ങളേയും ബഹുമാനിക്കണം. ഹിന്ദുമതത്തില്‍ പശു ദൈവികതയേയും പ്രകൃതിയുടെ ദാനശീലത്തേയും പ്രതിനിധാനം ചെയ്യുന്നു. അതിനാല്‍ പശുക്കള്‍ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യണമെന്നും കോടതി നിരീക്ഷിച്ചു.
'പശുവിനെ ആദരിക്കുന്ന രീതിക്ക് വേദകാലഘട്ടത്തോളം പഴക്കമുണ്ട്. പശുവിനെ കൊല്ലുകയോ അതിന് അനുവദിക്കുകയോ ചെയ്യുന്നവര്‍ തങ്ങളുടെ ശരീരത്തില്‍ രോമങ്ങള്‍ ഉള്ളിടത്തോളം കാലം നരകത്തില്‍ ചീഞ്ഞഴുകുമെന്നാണ് കരുതപ്പെടുന്നത്. ഹിന്ദുമത വിശ്വാസപ്രകാരം മതപുരോഹിതരേയും പശുക്കളേയും ബ്രഹ്മാവ് ഒരേസമയമാണ് സൃഷ്ടിക്കുന്നത്. പുരോഹിതര്‍ മന്ത്രോച്ചാരണം ചെയ്യുന്ന അതേസമയത്ത് പൂജകള്‍ക്ക് ആവശ്യമായ നെയ്യ് നല്‍കാന്‍ പശുക്കള്‍ക്ക് കഴിയുന്നു. ഇതിനാണ് രണ്ടുപേരേയും ഒരേസമയം സൃഷ്ടിച്ചത്. ഹിന്ദുദൈവങ്ങളായ ശിവനും ഇന്ദ്രനും കൃഷ്ണനും മറ്റു ദേവതകളുമായും പശു ബന്ധപ്പെട്ടിരിക്കുന്നു. ഹിന്ദുമതത്തില്‍ മൃഗങ്ങളില്‍ പശു ഏറ്റവും വിശുദ്ധമാണ്. കാമധേനു എന്നറിയപ്പെടുന്ന പശു എല്ലാ ആഗ്രഹങ്ങളും സഫലമാക്കുന്നു.'- വിധിയില്‍ പറയുന്നു.
പശുവിന്റെ കാലുകള്‍ നാല് വേദങ്ങളെ സൂചിപ്പിക്കുന്നു. നാല് പുരുഷാര്‍ഥങ്ങളാണ് അവയുടെ പാലിന്റെ ഉറവിടം. കൊമ്പുകള്‍ ദൈവങ്ങളെ സൂചിപ്പിക്കുന്നു. മുഖം ചന്ദ്രനേയും സൂര്യനേയും ചുമലുകള്‍ അഗ്നിയേയും പ്രതീകവത്കരിക്കുന്നു. നന്ദ, സുനന്ദ, സുരഭി, സുശീല, സുമന എന്നീ പേരുകളിലും പശുക്കള്‍ അറിയപ്പെടുന്നുവെന്നും ജസ്റ്റിസ് ഷമിം മുഹമ്മദ് നിരീക്ഷിച്ചു.
തനിക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആശ്യപ്പെട്ട് മുഹമ്മദ് അബ്ദുള്‍ ഖാലിക് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണങ്ങള്‍ നടത്തിയത്. സി.ആർ.പി.സി. വകുപ്പ് 482 പ്രകാരം തനിക്കെതിരായ കേസ് തള്ളണമെന്നായിരുന്നു അബ്ദുൽ ഖാലിക്കിന്റെ ആവശ്യം. ഇത് അലഹബാദ് ഹൈക്കോടതി തള്ളുകയും ഉത്തര്‍പ്രദേശ് ഗോഹത്യാനിരോധന നിയമം 1995ലെ, സെക്ഷന്‍ 3/5/8 പ്രകാരം ഇയാള്‍ക്കെതിരെയുള്ള കേസ് നിലനില്‍ക്കുന്നതാണെന്നും നിരീക്ഷിച്ചു.
Content Highlights: Cow Killers Rot In Hell Expect Central Govt To Ban Cow Slaughter Allahabad HC
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..