പ്രയാഗ്‌രാജ്: ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ തന്നെ പുറത്തുവിടുന്ന ഒരേ ഒരു ജീവി പശുവാണെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി. പശുവിനെ ഇന്ത്യയുടെ 'ദേശീയ മൃഗം' ആയി പ്രഖ്യാപിക്കണമെന്ന് നിർദേശിച്ച ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് ആണ് ഈ അഭിപ്രായപ്രകടനവും നടത്തിയിരിക്കുന്നത്. പശുവിനെ കശാപ്പ് ചെയ്ത പ്രതിക്ക് ജാമ്യം നിഷേധിച്ച അതേ ഉത്തരവിന്റെ തന്നെ പകര്‍പ്പിലാണ് ഈ പരാമര്‍ശവുമുള്ളത്. 

യജ്ഞങ്ങള്‍ നടക്കുന്ന സമയത്ത് പശുവിന്‍ പാലില്‍ നിന്നുണ്ടാക്കുന്ന നെയ്യ് ഉപയോഗിക്കുന്നത് ഇന്ത്യയിലെ ഒരു ആചാരമാണെന്ന് ഉത്തരവില്‍ പറയുന്നു. ഇത് സൂര്യപ്രകാശത്തിന് പ്രത്യേക ഊര്‍ജ്ജം നല്‍കുന്നു. ഇത് ആത്യന്തികമായി മഴയ്ക്ക് കാരണമാകുന്നതായും ഉത്തരവില്‍ പറയുന്നു. പശുവിന്റെ പാല്‍, തൈര്, നെയ്യ്, മൂത്രം, ചാണകം എന്നിവകൊണ്ട് നിര്‍മ്മിക്കുന്ന പഞ്ചഗവ്യം ഭേദമാക്കാനാവാത്ത നിരവധി രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുന്നുവെന്നും കോടതി ഉത്തരവില്‍ ജഡ്ജി പറയുന്നു. 

ഒരു പശു തന്റെ ജീവിതകാലത്ത് 400-ല്‍ അധികം മനുഷ്യര്‍ക്ക് പാല്‍ നല്‍കുന്നുണ്ടെന്നും എന്നാല്‍ അതിന്റെ മാംസം 80 പേര്‍ക്ക് മാത്രമെ ഭക്ഷണമാകുന്നുള്ളുവെന്നും ആര്യസമാജ സ്ഥാപകന്‍ ദയാനന്ദ് സരസ്വതിയെ ഉദ്ധരിച്ച് ജസ്റ്റിസ് യാദവ് പറഞ്ഞു. പശുവിനെയോ കാളയേയോ കൊല്ലുന്നത് മനുഷ്യനെ കൊല്ലുന്നതിനു തുല്യമാണെന്ന് യേശുക്രിസ്തു പറഞ്ഞതായും ജഡ്ജി ഉത്തരവില്‍ പറയുന്നു.  

പശുവിന്റെ നിലനില്‍പ്പ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമായതിനാല്‍ ബീഫ് കഴിക്കുന്നത് ഒരു പൗരന്റെയും മൗലികാവകാശമായി കണക്കാക്കാനാകില്ല. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാന്‍ പാര്‍ലമെന്റ് ഒരു നിയമം കൊണ്ടുവരണമെന്നും അതിനെ ഉപദ്രവിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ആളുകളെ അതില്‍ നിന്നും പിന്തിരിപ്പിക്കണമെന്നും 12 പേജുള്ള ഉത്തരവില്‍ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് നിര്‍ദ്ദേശിച്ചു.  ഉത്തര്‍പ്രദേശിലെ സംഭാലില്‍ നിന്നുള്ള ഗോവധം ആരോപിക്കപ്പെട്ട പ്രതിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടാണ് ജഡ്ജിയുടെ ഉത്തരവ്.

പശുവിന്റെ തനതായ ശ്വസന പ്രക്രിയയെക്കുറിച്ചും മറ്റ് അസാധാരണ ഗുണങ്ങളെക്കുറിച്ചുമുള്ള ജസ്റ്റിസ് യാദവിന്റെ നിരീക്ഷണങ്ങള്‍, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്റെ 2019ലെ പ്രസ്താവനയെ ഓര്‍മ്മിപ്പിക്കുന്നതാണ്. മറ്റ് സസ്തനികളില്‍ നിന്ന് വ്യത്യസ്തമായി, പശു അത് ശ്വസിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെക്കാള്‍ കൂടുതല്‍ ഓക്‌സിജന്‍ പുറന്തള്ളുന്നു എന്നായിരുന്നു ത്രിവേന്ദ്ര സിങ് അന്ന് പറഞ്ഞത്. 

Content Highlights: Cow is the only animal that inhales and exhales oxygen says Allahabad High Court Judge