കേന്ദ്രമന്ത്രി വി.മുരളീധരൻ (ഫയൽ ചിത്രം) | Photo: ANI
ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനുള്ള കോവിന്‍ ആപ്പില്‍ അട്ടിമറി ആരോപിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. കോവിന്‍ ആപ്പ് പ്രവര്‍ത്തിക്കാത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ട്. പണം നല്‍കി വാക്‌സിന്‍ നല്‍കുന്ന സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്നും മുരളീധരന്‍ ആരോപിച്ചു.
ഒരുവശത്ത് സൗജന്യമായി വാക്‌സിന്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. എല്ലാവര്‍ക്കും സൗജന്യ വാക്‌സിനേഷനായി കേന്ദ്രം 70 ലക്ഷം വാക്‌സിന്‍ നല്‍കി. എന്നാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ വഴി പാവപ്പെട്ട ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതിന് പകരം 250 രൂപയ്ക്ക് വാക്‌സിന്‍ നല്‍കുന്ന സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള കുബുദ്ധി ആരുടെതാണെന്നും മുരളീധരന്‍ ചോദിച്ചു. ഇത്തരത്തില്‍ സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് കോവിന്‍ ആപ്പ് പ്രവര്‍ത്തന രഹിതമാക്കി വെച്ചതെന്നും അദ്ദേഹം ആരോപിച്ചു.
പൊതുജനാരോഗ്യ മേഖലയെ അവഗണിച്ച് എന്തിനാണ് സ്വകാര്യ മേഖലയ്ക്കായി വാക്‌സിന്‍ മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോവിന്‍ ആപ്പില്‍ ബോധപൂര്‍വം തകരാറുണ്ടാക്കുന്ന ആളുകള്‍ സ്വകാര്യ മേഖലയുടെ ഏജന്റുമാരാണെങ്കില്‍ അവര്‍ക്കെതിരേ സര്‍ക്കാര്‍ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇതൊന്നു ചെയ്യാതെ കേന്ദ്രം സൗജന്യമായി വാക്‌സിന്‍ തരുന്നില്ലെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സിപിഎമ്മിനും സര്‍ക്കാരിനും സാധിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റുന്നില്ലെന്നാണ് ആളുകളുടെ തുടര്‍ച്ചയായ പരാതി. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ആപ്പ് ശരിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ മറുപടി. എത്രകാലത്തിനുള്ളില്‍ ആപ്പ് ശരിയാക്കുമെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്നും മുരളീധരന്‍ പരിഹസിച്ചു.
ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഏറ്റവും കൂടുതല്‍ തുക ഈടാക്കുന്ന സംസ്ഥാനം കേരളമാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ മെഗാ വാക്‌സിനേഷന്‍ മേളകള്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇതിലൂടെ ആളുകള്‍ക്ക് രോഗം വരാനുള്ള സാധ്യതയുണ്ടെന്നും മുരളീധരന്‍ ചൂണ്ടിക്കാണിച്ചു.
content highlights: covin app, v muraleedharan allegation against state government
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..