കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ| Photo: ANI
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന് വിതരണത്തിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ വാക്സിനെതിരെയുള്ള വ്യാജപ്രചാരങ്ങള്‍ക്ക് ട്വിറ്ററിലൂടെ മറുപടി നല്കി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്ധന്. വാകിസന് കുത്തിവെച്ചാലുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍, കോവിഡ് ബാധ, വന്ധ്യത തുടങ്ങിയ പ്രചാരണങ്ങള്‍ക്കാണ് മന്ത്രി മറുപടി നല്‍കിയത്.
കോവിഡ് വാക്സിന് എന്തെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങളുണ്ടോ എന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടി ഇപ്രകാരമാണ്.'മറ്റു പല വാക്സിനുകള്‍ക്കും ബാധകമാകുന്നത് പോലെ, ചിലര്‍ക്ക് മിതമായ പനി, കുത്തിവയ്പ്പെടുത്ത ഭാഗത്തോ ശരീരത്തിന്റെ ഭാഗങ്ങളിലോ വേദന തുടങ്ങിയ പാര്‍ശ്വഫലങ്ങളുണ്ടാകും. എന്നാല്‍ ഈ പാര്‍ശ്വഫലങ്ങള്‍ താല്ക്കാലികമാണ്, കുറച്ച് സമയത്തിന് ശേഷം അവ ഭേദമാകും'
വാക്സിന് കുത്തിവെച്ചാല്‍ കോവിഡ് ബാധിക്കുമെന്നാണ് മറ്റൊരു പ്രചാരണം.' വാക്സിന് എടുത്ത ശേഷം കോവിഡ് ബാധിക്കാനുള്ള സാധ്യതയില്ല. വാക്സിന് എടുക്കുന്നതന് മുമ്പ് കോവിഡ് ബാധിച്ച ഒരാള്‍ക്ക് വാക്സിന് എടുത്ത ശേഷവും രോഗ ലക്ഷങ്ങള്‍ പ്രകടമാകാം. മിതമായ പനി പോലുള്ള താല്‍ക്കാലിക പാര്‍ശ്വഫലങ്ങള്‍ കോവിഡ് -19 ബാധിച്ചതായി തെറ്റിദ്ധരിക്കരുത്' മന്ത്രി പറഞ്ഞു.
കോവിഡ് വാക്സിന് പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതക്ക് കാരണമാകുമോ എന്നതാണ് മറ്റൊരു ചോദ്യം.
'കോവിഡ് വാക്സിന് പുരുഷന്മാരിലോ സ്ത്രീകളിലോ വന്ധ്യതയ്ക്ക് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. കോവിഡ്19 രോഗത്തിന്റെ ഫലമായി വന്ധ്യത സംഭവിക്കുമോ എന്നറിയില്ല. കോവിഡ് -19 നെക്കുറിച്ച് ശരിയായ വിവരങ്ങള്‍ ലഭിക്കുന്നതിന് സര്‍ക്കാരിന്റെ ഔദ്യോഗിക ആശയവിനിമയ സംവിധാനങ്ങളെ മാത്രം വിശ്വസിക്കുക.
ഇത്തരം കിംവദന്തികളോ സ്ഥിരീകരിക്കാത്ത ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളോ ദയവായി ശ്രദ്ധിക്കരുത്' ഹര്‍ഷ വര്ധന് പറഞ്ഞു.
Content Highlights: Covid-19 vaccine won't make you infertile-Health minister Harsh Vardhan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..