പ്രതീകാത്മക ചിത്രം | Photo : PTI
ന്യൂഡല്‍ഹി: ഇന്ത്യയിലെ 18 വയസിന് മുകളിലുള്ള 40 ശതമാനം ജനങ്ങള്‍ക്കും നവംബറോടെ പൂര്‍ണമായും വാക്സിന് ലഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ജനുവരിയോടെ മറ്റൊരു 20 ശതമാനം ആളുകൾക്കും വാക്സിൻ ലഭിക്കും. ഇതോടെ രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള ജനസംഖ്യയുടെ 60 ശതമാനത്തിന്റേയും വാക്സിനേഷന് പൂര്ത്തിയാകുമന്നും യെസ് സെക്യൂരിറ്റീസിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേ സമയം ഇന്ത്യയിലെ കോവിഡ് വാക്സിനേഷന് പദ്ധതിയിലെ പ്രശ്നങ്ങള്‍ അടുത്ത മാസവും തുടരും. ആഭ്യന്തര ഉത്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ദൗര്‍ലഭ്യമാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വാക്സിന് കടുത്ത ക്ഷാമം നേരിടുകയാണെങ്കില്‍ രണ്ടാം ഡോസിന് പ്രാമുഖ്യം നല്‍കണം. അല്ലെങ്കില്‍ പദ്ധതി താളം തെറ്റും. വാക്സിന് ഉത്പാദനം വര്‍ദ്ധിപ്പിക്കണം. അടുത്ത 45 ദിവസത്തിനുള്ളില്‍ യുഎസിലെ ജനസംഖ്യയുടെ 80 ശതമാനം പേര് പൂര്‍ണമായും വാക്സിൻ എടുത്തവരാകും. ഈ ഘട്ടത്തില്‍ യുഎസ് സര്‍ക്കാര്‍ വാക്സിനുകള്‍ക്കും അസംസ്കൃത വസ്തുക്കള്‍ക്കുമുള്ള കയറ്റുമതി നിയന്ത്രണം ലഘൂകരിക്കുമെന്ന് കരുതുന്നതായും യെസ് സെക്യൂരിറ്റീസ് ചൂണ്ടിക്കാണിക്കുന്നു. അസംസ്കൃത വസ്തുക്കളുടെ ആവശ്യകത കുത്തനെ ഇടിയുന്നതോടെ വാക്സിന് വിതരണം സുഗമമാക്കാന്‍ സാധിക്കും.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെകും ഉത്പാദന ശേഷി ഘട്ടം ഘട്ടമായി ഉയര്‍ത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് അടിവരയിട്ടു. ഡിസംബറോടെ എല്ലാ പൗരന്മാര്ക്കും കുത്തിവെയ്പ്പ് നല്‍കാനുള്ള ഡോസുകള്‍ ഇന്ത്യയുടെ കൈവശം ഉണ്ടായിരിക്കുമെന്ന് കോവിഡ് വാക്സിന് ദേശീയ ടാസ്ക് ഫോഴ്സ് മേധാവി ഡോ.വിനോദ് കുമാര്‍ പോള്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..