-
യുണൈറ്റഡ് നേഷന്‍സ്: ഇന്ത്യയില്‍ കോവിഡ് വ്യാപനം സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്ക് എത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ ഇന്ത്യയിലെ കോവിഡ് വ്യാപനം ഇരട്ടിയാകുന്നതിന് മൂന്നാഴ്ചയാണ് സമയം വേണ്ടിവരുന്നതെന്നും ലോകാരോഗ്യ സംഘടന ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ റയാന്‍ പറയുന്നു.
ഇന്ത്യയിലെ ഓരോ സ്ഥലത്തും കോവിഡ് ഉണ്ടാക്കുന്ന ആഘാതം വ്യത്യസ്തമാണ്. നഗരങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് സാഹചര്യങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വൈറസ് വ്യാപനം ക്രമാതീതമല്ല, എന്നാല്‍ അത് കൂടിക്കൂടി വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദക്ഷിണേഷ്യയില്‍ ഇന്ത്യയില്‍ മാത്രമല്ല പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യങ്ങളിലും കോവിഡ് വ്യാപനം ഒരു പൊട്ടിത്തെറിയിലെത്തിയിട്ടില്ലെന്നും റയാന്‍ പറയുന്നു. എന്നാല്‍ അങ്ങനെ സംഭവിക്കാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ലോക്ക് ഡൗണ്‍ സമയത്ത് രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ വേഗംകുറയ്ക്കാന്‍ സാധിച്ചു. എന്നാല്‍ രോഗവ്യാപനത്തിന്റെ തോത് ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിലൂടെ വര്‍ധിക്കും. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ജനങ്ങള്‍ പഴയതുപോലെ യാത്രകള്‍ തുടങ്ങുകയും ചെയ്യുന്നതിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പ്രശ്‌നം വന്‍തോതിലുള്ള ആഭ്യന്തര കുടിയേറ്റമാണ്. നഗരങ്ങളിലെ വലിയ ജനപ്പെരുപ്പവും ദിവസവും തൊഴില്‍ ചെയ്യാതെ ജീവിക്കാന്‍ സാധിക്കില്ലെന്ന സാഹചര്യങ്ങളും രോഗവ്യാപനത്തെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ കോവിഡ് ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ. 2,36,657 പേര്‍ക്കാണ് നിലവില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 6,642 പേര്‍ ഇതുവരെ മരിക്കുകയും ചെയ്തു.
Content Highlights: Covid-19 not 'exploded' in India but risk remains: WHO expert
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..