പ്രതീകാത്മക ചിത്രം | ഫോട്ടോ പി.ടി.ഐ
ന്യൂഡല്‍ഹി: രാജ്യത്തെ ചില സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതിന്റെ ആദ്യലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.. ഡല്‍ഹി, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവയുള്‍പ്പടെ 13 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളില്‍ പ്രതിദിന കോവിഡ് കേസുകള്‍ ചെറിയ രീതിയിൽ കുറഞ്ഞുവരുന്നതായാണ് കാണുന്നതെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
'ചില സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഏകനിരക്കിലേക്കെത്തുന്നതിന്റെയോ, കുറയുന്നതിന്റെയോ ലക്ഷണങ്ങള്‍ കാണിക്കുണ്ട്.'ലവ് അഗര്‍വാള്‍ പറഞ്ഞു. ചത്തീസ്ഗഢില്‍ ഏപ്രില്‍ 29ന് 15,583 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. മെയ് രണ്ടിന് റിപ്പോര്‍ട്ട് ചെയ്തത് 14,087 കേസുകളാണ്. സമാനമായ സാഹചര്യമാണ് ഡല്‍ഹി, ദാമന്‍ ദിയു, ഗുജറാത്ത്, ജാര്‍ഖണ്ഡ്, ലഡാക്ക്, ലക്ഷദ്വീപ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് , തെലങ്കാന, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലുമുളളത്. ഇത് ചൂണ്ടിക്കാട്ടിയാണ് ചില സംസ്ഥാനങ്ങളില്‍ കേസുകള്‍ അതേപടി മുന്നോട്ടുപോകുന്നതിന്റെ സൂചനയാണ് കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.
മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, ഹരിയാണ, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍, ചത്തീസ്ഗഢ്, ആന്ധ്രപ്രദേശ്, കര്‍ണാടക, കേരള, തമിഴ്നാട് എന്നീ സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളില്‍ സജീവ കേസുകള്‍ ഒരു ലക്ഷത്തില്‍ കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസുകള്‍ അമ്പതിനായിരത്തിനും ഒരുലക്ഷത്തിനും ഇടയിലുളള ഏഴ് സംസ്ഥാനങ്ങളാണ് ഉളളത്. അമ്പതിനായിരത്തില്‍ കൂടുതല്‍ സജീവ കേസുകളുളള 17 സംസ്ഥാനങ്ങളുണ്ട്. പോസിറ്റിവിറ്റി നിരക്ക് 15ശതമാനത്തില്‍ കൂടുതലുളള 22 സംസ്ഥാനങ്ങളും പോസിറ്റിവിറ്റി നിരക്ക് അഞ്ചുമുതല്‍ പതിനഞ്ച് ശതമാനം വരെ വരുന്ന ഒമ്പത് സംസ്ഥാനങ്ങളുമാണ് ഉളളത്. അഞ്ചോളം സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തില്‍ താഴെയാണ്.
ആന്‍ഡമാന്‍ നിക്കോബാര്‍, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ബീഹാര്‍, ഗോവ, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, കര്‍ണാടക, കേരളം, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ്, മേഘാലയ, ഒഡീഷ, സിക്കിം, തമിഴ്നാട്, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങളില്‍ പ്രതിദിനക്കേസുകള്‍ വര്‍ധിച്ചുവരുന്ന പ്രവണതയാണ് കാണുന്നതെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു.
എന്നാല്‍ നിലവിലെ സാഹചര്യത്തെ ' നിലവിലെ ട്രെന്‍ഡ്' എന്ന് വിശേഷിപ്പിക്കുന്നത് വളരെ നേരത്തെയാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 48-72 മണിക്കൂറിലുളള ഡേറ്റയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യം ഇതാണെന്ന നിഗമനത്തിലെത്താനാകില്ലെന്ന് ഒരു മുതിര്‍ന്ന പൊതുജനാരോഗ്യ വിദഗ്ധന്‍ പറയുന്നു.' ചിലപ്പോള്‍ ഇതൊരു വ്യതിചലനമാകാം. എന്നാല്‍ എന്തെങ്കിലും പ്രഖ്യാപിക്കുന്നതിന് മുമ്പ് ഒരു ആഴ്ചയെങ്കിലും കണക്കുകള്‍ വിലയിരുത്തേണ്ടതുണ്ട്.' അദ്ദേഹം പറയുന്നു.
Content Highlights: Covid-19 Cases Plateauing in Some States says Health Ministry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..