-
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ നേരിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടിക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചതായുള്ള ബിജെപിയുടെ അവകാശവാദത്തെ തിരുത്തി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ബ്ലാവത്‌നിക്ക് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റ്. ഏപ്രില്‍ 10ന് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ബ്ലാവത്‌നിക്ക് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റിന്റെ സര്‍വേ ഫലത്തെ അടിസ്ഥാമാക്കി തയ്യാറാക്കിയ ഇന്‍ഫോഗ്രാഫിക്‌സ് പുറത്തുവിട്ടുകൊണ്ട് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചതായി ബിജെപി അവകാശപ്പെട്ടിരുന്നു.
കോവിഡ് 19നെ നേരിടുന്നതിന് സ്വീകരിച്ച വ്യത്യസ്ത നടപടികളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചതായി ബിജെപി ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതില്‍ മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വേഗത്തിലുള്ള നടപടികളും ഗൗരവത്തോടെയുള്ള സമീപനവും വൈറസ് വ്യാപനത്തിനെതിരെ മറ്റേതൊരു സര്‍ക്കാരിന്റെയും പ്രവര്‍ത്തനത്തേക്കാള്‍ മികച്ചതാണെന്ന് അടിവരയിടുന്നതാണ് സര്‍വേയില്‍ ലഭിച്ച ഫുള്‍ സ്‌കോര്‍ എന്നും ട്വീറ്റില്‍ അവകാശപ്പെട്ടിരുന്നു.
ബിജെപിയുടെ ഈ അവകാശവാദത്തിനെതിരെ ബ്ലാവത്‌നിക്ക് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റ് തിങ്കളാഴ്ച ട്വിറ്ററില്‍ മറുപടിയുമായി രംഗത്തെത്തി. മഹാമാരിക്കെതിരെ സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളുടെ എണ്ണവും അതിന്റെ കാര്‍ക്കശ്യവും മാത്രമാണ് തങ്ങള്‍ പുറത്തുവിട്ട സൂചിക വ്യക്തമാക്കുന്നതെന്ന് അവര്‍ ട്വീറ്റില്‍ പറഞ്ഞു. കോവിഡ് 19ന് എതിരെ ഒരു രാജ്യം സ്വീകരിച്ച നടപടികളുടെ ഔചിത്യമോ ഫലപ്രാപ്തിയോ ഇത് സൂചിപ്പിക്കുന്നില്ലെന്നും മാര്‍ക്ക് നല്‍കുന്നതില്‍ ഇവ പരിഗണിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ബിജെപിയുടെ ട്വീറ്റിന് മറുപടിയായായിരുന്നു യൂണിവേഴ്‌സിറ്റി ഇക്കാര്യം ട്വീറ്റ് ചെയ്തത്.
മാര്‍ച്ച് 25ന് ആയിരുന്നു ബ്ലാവത്‌നിക്ക് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റ് സൂചിക പുറത്തുവിട്ടത്. ലോകത്തെമ്പാടുമുള്ള രാജ്യങ്ങള്‍ കോവിഡ് 19ന് എതിരായി സ്വീകരിച്ച നടപടികളിലെ കാര്‍ക്കശ്യത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സൂചിക. ലോകത്തിലെ വിവിധ രാജ്യങ്ങള്‍ എപ്രകാരമാണ് മഹാമാരിയോട് പ്രതികരിച്ചതെന്ന് കണക്കാക്കുന്നതിനുള്ള സൂചകമായിരുന്നു ഇത്.
ലോകത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ള വ്യക്തികളില്‍നിന്നുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സൂചിക തയ്യാറാക്കിയത്. ലോക്ക്ഡൗണ്‍ അടക്കമുള്ള നടപടികളിലെ കാര്‍ക്കശ്യം എങ്ങനെ ഓരോ രാജ്യത്തെയും രോഗവ്യാപന തോതിനെ സ്വാധീനിച്ചു എന്ന് ഗവേഷകര്‍ക്ക് വിലയിരുത്തുന്നതിനുവേണ്ടിയാണ് ഇത്തരമൊരു സൂചിക പുറത്തുവിട്ടത്.
Content Highlights: COVID-19: BJP claims 'full marks' for govt response, University of Oxford slams claim
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..