ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം അടുത്ത ആറ് മാസത്തിനുള്ളില്‍ കൂടുതല്‍ നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധർ. ഡെല്‍റ്റ വകഭേദംകൊണ്ടു മാത്രം മൂന്നാം തരംഗം അതിതീവ്രമാകുമെന്ന് കരുതുന്നില്ലെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ സുജിത് സിങ് എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആറ് മാസത്തിനുള്ളില്‍ കോവിഡ് 19 'എന്‍ഡമിക്' ഘട്ടത്തിലേക്കെത്തും. അതായത്, രോഗവ്യാപനം കൂടുതല്‍ നിയന്ത്രണ വിധേയവും നിലവിലുള്ള ആരോഗ്യസംവിധാനത്തിന് കൈകാര്യം ചെയ്യാനാവുന്നതുമായി മാറും. രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ വിജയം കൈവരിക്കാന്‍ കഴിഞ്ഞാല്‍ രോഗത്തെ നിയന്ത്രിക്കാനാകും. രോഗവ്യാപനം ഉയര്‍ന്ന തോതിലായിരുന്ന കേരളത്തിലും കേസുകള്‍ കുറയുന്നത് ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിനേഷനാണ് കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ ഏറ്റവും വലിയ കവചം. 75 കോടിയില്‍ അധികം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. വാക്‌സിനുകള്‍ 70 ശതമാനം ഫലപ്രാപ്തി നല്‍കുമെങ്കില്‍ 50 കോടി ആളുകള്‍ പ്രതിരോധ ശേഷി ആര്‍ജ്ജിച്ചുകഴിഞ്ഞു. ഒറ്റ ഡോസ് 30-31 ശതമാനം പ്രതിരോധം ഉറപ്പ് നല്‍കുന്നുവെങ്കില്‍ പോലും ഗുണകരമാണെന്നും സുജിത് സിങ് പറഞ്ഞു.

വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചാല്‍ പോലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടത് പ്രധാനമാണ്. പുതിയ വകഭേദങ്ങളാണ് കൂടുതല്‍ രോഗവ്യാപനത്തിന് കാരണം. വാക്‌സിനെടുത്താല്‍ പോലും 70 മുതല്‍ നൂറ് ദിവസം വരെ പിന്നിടുമ്പോള്‍ പ്രതിരോധ ശേഷി കുറയുന്നത് കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഒരു വകഭേദം കൊണ്ടുമാത്രം മറ്റൊരു തരംഗമുണ്ടാകില്ലെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതും പ്രതിരോധശേഷി ആർജിക്കുന്നതും ഇക്കാര്യത്തില്‍ പരമപ്രധാനമാണെന്നും സുജിത് സിങ് പറഞ്ഞു.

Content Highlights: Covid would become more manageable in six months says health committee chief