Photo: PTI
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബറോടു കൂടി ആരംഭിക്കുമെന്ന് എയിംസ് മേധാവി ഡോ റണ്‍ദീപ് ഗുലേറിയ. എന്‍ഡിടിവിയോടാണ് ഇക്കാര്യത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
"സൈഡസ് ഇതിനകം തന്നെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി അടിയന്തിര അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഭാരത് ബയോടെക്കിന്റെ കോവാക്സിന് പരീക്ഷണം ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്റ്റംബറോടെ അവസാനിക്കും. അപ്പോഴേക്കും നമുക്ക് അനുമതി ലഭിക്കണം. ഫൈസര്‍ വാക്സിന് ഇതിനകം എഫ്ഡിഎ അംഗീകരിച്ചിട്ടുണ്ട് (യുഎസ് റെഗുലേറ്റര്‍ - ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്). സെപ്റ്റംബറോടെ നമ്മള് കുട്ടികള്‍ക്കുള്ള വാക്സിനേഷന് ആരംഭിക്കണം. ഇത് വ്യാപനത്തെ വലിയ തോതില്‍ തടയും", ഡോ. ഗുലേറിയ പറഞ്ഞു.
11 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികൾക്കൊപ്പം ജീവിക്കുന്നത് വയോധികര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത 18 മുതല്‍ 30 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് ലാന്‍സറ്റ് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറഞ്ഞിരുന്നു. അതിനാൽ തന്നെ കുട്ടികൾക്ക് വാക്സിൻ നൽകുന്നത് വ്യാപനത്തെ വലിയ തോതിൽ കുറയ്ക്കുമെന്നുമാണ് വിദഗ്ധർ പറയുന്നത്.
ഇതുവരെ 42 കോടി ഡോസ് വാക്സിന് ആണ് ഇന്ത്യ നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടു കൂടി ജനസംഖ്യയിലെ മുതിര്‍ന്നവരെ പൂര്‍ണമായി വാക്സിനേറ്റ് ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
12 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി മോഡേണയുടെ കൊറോണ വൈറസ് വാക്സിന് ഉപയോഗിക്കാന്‍ യൂറോപ്യന്‍ മെഡിക്കൽ ബോഡി വെള്ളിയാഴ്ച അംഗീകാരം നല്‍കിയിരുന്നു. 12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ ബയോ എന്‍ടെക് വാക്സിന് നല്‍കാനുള്ള അനുമതി മെയ് മാസത്തില്‍ അമേരിക്കയും നല്‍കിയിരുന്നു,
12 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് സെപ്റ്റംബറോടെ സൈഡസ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുമെന്ന് വാക്സിന് അഡ്മിനിസ്ട്രേഷന് സംബന്ധിച്ച ദേശീയ വിദഗ്ദ്ധ സംഘത്തിന്റെ തലവനായ ഡോ. എന്‍.കെ അറോറ മുമ്പ് വെളിപ്പെടുത്തിയിരുന്നു.
content highlights: Covid Vaccines For Children Likely By September, says AIIMS Chief
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..