ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ഗര്‍ഭിണികള്‍ക്കും നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡിനെ ചെറുക്കാന്‍ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് ഉപയോഗപ്രദമാണെന്നും അവര്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പ് നല്‍കണമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. 

ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാമെന്ന മാര്‍ഗനിര്‍ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോകത്ത് ഇതുവരെ ഒരുരാജ്യം മാത്രമാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. ഇന്ത്യയില്‍ രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളില്‍ വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച പഠനങ്ങള്‍ നടക്കുകയാണെന്നും സെപ്തംബറോടെ ഇതിന്റെ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം വളരെ ചെറിയ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് വലിയതോതില്‍ വാക്‌സിന്‍ നല്‍കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

content highlights: Covid vaccine should be given to pregnant women, it's useful for them: ICMR