ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്റെ ഉത്പാദനത്തേയും വിതരണ പദ്ധതികളേയും കുറിച്ചുള്ള അവലോകനത്തിനും നിരീക്ഷണത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കുന്നു. നവംബര്‍ 28നാണ് സന്ദര്‍ശനം .

"പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഞങ്ങള്‍ക്ക് ലഭിച്ചു. കോവിഡ് വാക്‌സിന്റെ ഉത്പാദനത്തനായി യത്‌നിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ അദ്ദേഹം എത്തും", ഡിവിഷണല്‍ കമ്മീഷണര്‍ സൗരഭ് റാവു അറിയിച്ചു.

ലോകത്തിന്റെ ഏറ്റവും വലിയ വാക്‌സിന്‍ ഉത്പാദകരാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ബ്രിട്ടീഷ് സ്വീഡിഷ് ഫാര്‍മാ കമ്പനി ആസ്ട്രാസെനക്കയുമായി ചേര്‍ന്ന് ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓക്‌സഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ഉത്പാദനത്തിനുള്ള കരാറില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒപ്പുവെച്ചിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ആസ്ട്രാസെനക്കയും  ചേര്‍ന്ന് വികസിപ്പിച്ച വാകസിന് 90% ഫലപ്രാപ്തിയുണ്ടെന്ന് അവസാന ഘട്ട ക്ലിനിക്കല്‍ ട്രയലില്‍ തെളിഞ്ഞതായി ഇരുകൂട്ടരും പ്രഖ്യാപിച്ചിരുന്നു.

ഈ വിജയം ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയത്. വാക്‌സിന്‍ വികസനത്തിന്റെ വിജയം ഡിസംബറോടെ വാക്‌സിന്‍ ഇന്ത്യയിലെത്തിക്കാനാകുമെന്ന പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. വാക്‌സിന്‍ ഉത്പാദനവും വിതരണവും അവലോകനം ചെയ്യാനാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ലക്ഷ്യമിടുന്നതെന്ന് ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥനും അറിയിച്ചു. 

വാക്‌സിന്റെ ഉത്പാദനത്തിനും വിതരണത്തിനും മേല്‍നോട്ടം വഹിക്കാന്‍ ഡിസംബര്‍ നാലിന് പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരും ഹൈക്കമ്മീഷണര്‍മാരും എത്തുന്നുണ്ട്.  ഇതിനു മുമ്പാണ് മോദിയുടെ സന്ദര്‍ശനം.

content highlights: Covid vaccine, PM Modi to visit Serum Institute of India in Pune