ന്യൂഡൽഹി: മെയ് ഒന്ന് മുതൽ രാജ്യത്തെ സ്വകാര്യ ആശുപത്രികൾക്ക് കേന്ദ്ര സർക്കാർ കോവിഡ് വാക്‌സിൻ നൽകില്ല. സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ നിർമാതാക്കളിൽ നിന്ന് വാക്സിൻ വാങ്ങാം. ഇതോടെ സ്വകാര്യ ആശുപത്രികളിൽ വാക്സിൻ കുത്തിവെപ്പ് നിരക്ക് കുത്തനെ ഉയർന്നേക്കും. 

പുതിയ വാക്സിൻ നയത്തിന്റെ ഭാഗമായാണ് സ്വകാര്യ ആശുപത്രികൾക്ക് കുറഞ്ഞ നിരക്കിൽ വാക്സിൻ നൽകുന്നത് കേന്ദ്ര സർക്കാർ നിർത്തുന്നത്. എന്നാൽ സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് വാക്സിൻ വാങ്ങി കുത്തിവയ്പ്പ് തുടരാം. നിലവിൽ സർക്കാർ നൽകുന്ന വാക്സിൻ കുത്തിവയ്ക്കാൻ 250 രൂപ ആണ് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികൾക്ക് എത്ര രൂപയ്ക്ക് ആകും നിർമ്മാതാക്കൾ വാക്സിൻ നൽകുക എന്ന് വ്യക്തമല്ല. 

വിവിധ വാക്സിനുകൾക്ക് വ്യത്യസ്ത വില ആണ് നിർമാതാക്കൾ ആവശ്യപ്പെടുന്നത് എന്നാണ് സൂചന. വാക്സിൻ നിർമാതാക്കളിൽ നിന്ന് നേരിട്ട് സ്വകാര്യ ആശുപത്രികൾ വാക്സിൻ വാങ്ങുന്നതോടെ ഒരു ഡോസ് കുത്തിവയ്പ്പിന് 1000 രൂപ വരെ ആയി ഉയർന്നേക്കും. സ്വകാര്യ ആശുപത്രികളിൽ ആദ്യ ഡോസ് വാക്സിൻ കുത്തിവച്ചവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ നിന്ന് രണ്ടാം ഡോസ് കുത്തിവയ്ക്കാൻ ഉള്ള അനുമതി ഉണ്ടാകും. 

സർക്കാരിന്റെ പുതിയ വാക്സിൻ നയം നോട്ട് നിരോധനത്തിന് തുല്യമാണെന്ന് കോൺഗ്രസ് നേതാവ്  രാഹുൽ ഗാന്ധി വിമർശിച്ചു.  സർക്കാരിന്റെ  നയം വ്യവസായികളെ സഹായിക്കാനാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.