-
ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത് മിഷന് രാജ്യത്ത് ശുചിത്വം ഉറപ്പാക്കിയെന്നും കോവിഡിനെതിരായ പോരാട്ടത്തെ സഹായിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ മണ്ഡലമായ വാരണാസിയില്‍ കോവിഡ് വാക്സിന് സ്വീകരിച്ചവരോടും കുത്തിവെപ്പ് എടുക്കുന്നവരോടും വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോവിഡ് വാക്സിന് നിര്‍മാണത്തില്‍ ഇന്ത്യക്ക് സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.' രാജ്യത്ത് രണ്ടു ഇന്ത്യന്‍ നിര്‍മിത വാക്സിനുകളാണ് ഉല്പാദിപ്പിക്കുന്നത്. അത് രാജ്യവ്യാപകമായി വിതരണം നടത്തുകയും ചെയ്യുന്നു. സ്വയംപര്യാപ്തരായി എന്നുമാത്രമല്ല കോവിഡ് പ്രതിരോധ പോരാട്ടത്തില്‍ ഇന്ത്യ നിരവധി രാജ്യങ്ങളെ സഹായിക്കുന്നുമുണ്ട്. ' പ്രധാനമന്ത്രി പറഞ്ഞു.
വാക്സിനേഷന്റെ ആദ്യഘട്ടത്തില്‍ വാരണാസിയിലെ 15 വാക്സിനേഷന് സെന്ററുകളിലായി 20,000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
'ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന് പരിപാടി നടക്കുന്നത് നമ്മുടെ രാജ്യത്താണ്. ഇന്ന്, സ്വന്തം വാക്സിന് ഉല്പാദിപ്പിക്കാനുളള ഇച്ഛാശക്തി രാജ്യത്തിനുണ്ട്. ഒന്നല്ല, രണ്ടു ഇന്ത്യന്‍ നിര്‍മിത വാക്സിനുകളാണ് നമുക്കുളളത്. ഈ വാക്സിനുകള്‍ രാജ്യത്തിന്റെ എല്ലാ കോണിലും എത്തുന്നു. ഇക്കാര്യത്തില്‍ ഇന്ത്യ പൂര്‍ണമായും ഒരു സ്വാശ്രയ രാജ്യമായി മാറിയിരിക്കുകയാണ്.' പ്രധാനമന്ത്രി പറഞ്ഞു.
'നേരത്തേ വാക്സിന് എപ്പോഴെത്തുമെന്നത് സംബന്ധിച്ച് എനിക്കുമേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു അത് രാഷ്ട്രീയനേതാക്കളല്ല, ശാസ്ത്രജ്ഞരാണ് അത് തീരുമാനിക്കുന്നതെന്ന് നമ്മുടെ ശാസ്ത്രജ്ഞരുടെ ഗവേഷണങ്ങള്‍ക്കൊടുവില്‍ വാക്സിന് എത്തിയിരിക്കുകയാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പ്രധാനമന്ത്രിയുമായുളള വീഡിയോ കോണ്ഫറന്സിങ്ങിനിടയില് വാക്സിന് പൂര്‍ണമായും സുരക്ഷിതമാണെന്ന് വാക്സിന് സ്വീകരിച്ചവര്‍ അറിയിച്ചു. ഇന്ത്യയില്‍ ഇതുവരെ 10,43, 534 പേരാണ് വാക്സിനെടുത്തിരിക്കുന്നത്.
Content Highlights:Covid Vaccine: India is self reliant in this regard says PM Narendra Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..