ന്യൂഡല്‍ഹി: രാജ്യവ്യാപക കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ആദ്യദിനത്തില്‍ വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചവര്‍ക്ക് രണ്ടാമത്തെ ഡോസ് ശനിയാഴ്ച നല്‍കും. ആദ്യ ഡോസ് ലഭിച്ച് 28 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്. എയിംസ് മേധാവി ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയ, നീതി ആയോഗ് അംഗം വി.കെ. പോള്‍ തുടങ്ങി ആദ്യ ദിനത്തില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ ശനിയാഴ്ച രണ്ടാമത്തെ ഡോസ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി പതിനാറിനാണ് രാജ്യവ്യാപക വിതരണം ആരംഭിച്ചത്. 

77 ലക്ഷത്തില്‍പരം ആരോഗ്യപ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചതായി വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. വാക്‌സിന്‍ സ്വീകരിച്ച 97 ശതമാനത്തോളം പേരും സംതൃപ്തരാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ജൂലൈയോടെ രാജ്യത്തെ 30 കോടി ജനങ്ങള്‍ക്ക് വാക്‌സിന്റെ ഫലം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

70 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ 26 ദിവസമാണ് ഇന്ത്യയ്ക്ക് വേണ്ടി വന്നത്. അതേസമയം ഇത്രയും ജനങ്ങള്‍ക്ക് വാക്‌സിനെത്തിക്കാന്‍ യുഎസ് 27 ദിവസവും യുകെ 48 ദിവസവുമെടുത്തതായി ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. 

എട്ട് ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ഉത്തര്‍പ്രദേശ് മുന്നിലെത്തി. വിതരണകണക്കുകളില്‍  മഹാരാഷ്ട്രയും(6,33,519)ഗുജറാത്തും(6,61,508) തൊട്ടു പിന്നിലുണ്ട്. 13 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളഉം രജിസ്റ്റര്‍ ചെയ്ത 65 ശതമാനത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും 40 ശതമാനത്തില്‍ താഴെ മാത്രമാണ് വാക്‌സിന്‍ വിതരണം നടന്നത്. 17.5 ശതമാനം മാത്രം വിതരണം നടന്ന പുതുച്ചേരി കണക്കുകളില്‍ ഏറ്റവും പിന്നിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 സംസ്ഥനങ്ങളില്‍ നിന്നോ കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നോ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

സിറം ഇന്‍സ്റ്റിട്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് നിലവില്‍ രാജ്യത്ത് വിതരണാനുമതി. റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വാക്‌സിന്‍ കൂടി ഏപ്രിലോടെ ഇന്ത്യയിലെത്തും. 

 

Content Highlights: Covid Vaccine Booster Shot Today For Those Who Took first Dose 28 Days Ago