2020 ഡിസംബര്‍ 28-നാണ് വാക്‌സിനേഷന്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തുവിടുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിരപ്പോരാളികള്‍, 60 വയസ്സിന് മുകളിലുള്ളവര്‍, മറ്റ് രോഗങ്ങളുള്ളവര്‍ തുടങ്ങിയവരടങ്ങുന്ന 30 കോടി പേരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. കോവിഡിന്റെ രണ്ടാംതരംഗത്തെ മുന്‍കൂട്ടിക്കാണാനും തയ്യാറെടുപ്പുകള്‍ നടത്താനും സര്‍ക്കാരിനായില്ല എന്നതാണ് പ്രധാന വിമര്‍ശനം. വാക്‌സിനേഷന്‍ ആരംഭിച്ച് അധികം താമസിയാതെ രണ്ടാംതരംഗം ശക്തിപ്രാപിച്ചു. ഇത് വാക്‌സിന്റെ ആവശ്യകത വര്‍ധിപ്പിച്ചു. ഇതിനെ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമല്ലായിരുന്നു എന്നും വിലയിരുത്തപ്പെടുന്നു. മേയ് 13 വരെ ആകെ 17.9 കോടി പേര്‍ക്കാണ് വാക്സിന്‍ നല്‍കാനായത്. ഇതില്‍ 3.86 കോടി മാത്രമാണ് രണ്ടുഡോസ് വാക്‌സിന്‍ ലഭിച്ചവര്‍. 139 കോടി ജനസംഖ്യയുള്ള രാജ്യത്തെ 70 ശതമാനം പേര്‍ (97 കോടി) വാക്‌സിനേഷന് അര്‍ഹതയുള്ളവരാണെന്നാണ് കണക്ക്. ആര്‍ജിത പ്രതിരോധത്തിനായി 60 ശതമാനംപേരെ വാക്‌സിനേറ്റ് ചെയ്യേണ്ടതുണ്ടെങ്കില്‍ 58.4 കോടി ജനങ്ങള്‍ക്ക് കുത്തിവെപ്പെടുക്കണം. അതായത്, 100 കോടിയില്‍ 60 കോടി വാക്‌സിനേഷന്‍ നടക്കണം. ഇതിനായി 120-200 കോടി ഡോസ് വാക്‌സിന്‍ ആവശ്യമാണ്.

നിര്‍മാണം

  • സിറം ഇന്‍സ്റ്റിറ്റ്യൂട്ട്(കോവിഷീല്‍ഡ്)- ഒരു മാസത്തെ നിര്‍മാണം അഞ്ചുകോടിയില്‍ നിന്ന് 6.5 കോടിയായി ഉയര്‍ത്തി.
  • ഭാരത് ബയോടെക്(കോവാക്സിന്‍)- 90 ലക്ഷത്തില്‍ നിന്ന് രണ്ടുകോടിയാക്കി. ജൂലായ് അവസാനത്തോടെ ഇത് 5.5 കോടിയാക്കി ഉയര്‍ത്തുമെന്നും കമ്പനി അറിയിച്ചു.
  • റെഡ്ഡീസ് ലാബ്(സ്പുട്നിക് വാക്സിന്‍)30 ലക്ഷത്തില്‍നിന്ന് ജൂലായ് അവസാനത്തോടെ 1.2 കോടിയായി ഉയര്‍ത്തും

(2021 മേയ് ഒമ്പതിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍നിന്ന്) അതായത്, 2021 ജൂലായ് അവസാനത്തോടെ മാസം 13.2 കോടി വാക്‌സിന്‍ രാജ്യത്ത് നിര്‍മിക്കും. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും നാലുമാസംകൊണ്ട് വാക്‌സിനേറ്റ് ചെയ്യിക്കുകയാണെങ്കില്‍ മാസം 30-60 കോടി ഡോസ് വാക്‌സിന്‍ ആവശ്യമായി വരും.

വിതരണം

ആഗോള പ്രതിരോധ കുത്തിവെപ്പുപദ്ധതിയുടെ ഭാഗമായി ഗര്‍ഭിണികള്‍ക്കും നവജാതശിശുക്കള്‍ക്കുമായി 39 കോടി ഡോസ് വാക്‌സിനാണ് ഒരു വര്‍ഷം നല്‍കുന്നത്. ഇതിനൊപ്പം കോവിഡ് വാക്‌സിന്‍കൂടി സൂക്ഷിക്കാനായി രാജ്യത്തെ വാക്‌സിന്‍ സംഭരണശേഷി നാലുമടങ്ങ് വര്‍ധിപ്പിക്കേണ്ടതായിവരും. അതേസമയം, മേയ് 11 കണക്കനുസരിച്ച് ഒമ്പതുകോടി ഡോസ് വാക്‌സിന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശമുണ്ട്. 120-200 കോടി ഡോസ് വിതരണത്തിനായി നമ്മുടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചേ മതിയാകൂ.

സാമ്പത്തികവശം

  • 60 കോടി പേര്‍ക്ക് കുത്തിവെപ്പിനായി 120-200 കോടി ഡോസുകള്‍ ആവശ്യം
  •  50 ശതമാനം ഡോസുകള്‍ സര്‍ക്കാരിന് 150 രൂപ നിരക്കില്‍ ലഭിക്കുമെങ്കില്‍ ആവശ്യമായ തുക - 15,000 കോടി രൂപ(100 കോടി പേര്‍ക്ക്)
  •  അടുത്ത 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും 300-400 രൂപ നിരക്കില്‍ ലഭിക്കാന്‍ ആവശ്യമായ തുക - 30,000-40,000 കോടി രൂപ
  •  മൊത്തം തുക- 45,000-55,000 കോടി രൂപ
  • 2021-'22 ബജറ്റില്‍ കോവിഡ് വാക്‌സിനേഷന് വകയിരുത്തിയ തുക- 35,000 കോടി രൂപ
  •  ദേശീയ ആരോഗ്യമിഷന് ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയത്- 37,130 കോടി രൂപ