ഭോപ്പാല്‍: കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് വേഗത്തിലാക്കാന്‍ കൂടുതല്‍ കേന്ദ്രങ്ങളൊരുക്കി മധ്യപ്രദേശ് സര്‍ക്കാര്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് മധ്യപ്രദേശ് ആരോഗ്യവകുപ്പ് തയ്യാറാക്കുന്നത്.

ഭോപ്പാലില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാമത്തെ സെന്റര്‍  ആരോഗ്യമന്ത്രി വിശ്വാസ് സാരംഗ് ഉദ്ഘാടനം ചെയ്തു. ഭോപ്പാലിലെ കഡ്ജു ആശുപത്രിയിലും റഷിദിയ സ്‌കൂളിലും ഇത്തരത്തില്‍ സജ്ജീകരിച്ച വാക്‌സിനേഷന്‍ സെന്റര്‍ വിജയകരമായതോടെയാണ് നരേലയിലെ സര്‍ദാര്‍ പട്ടേല്‍ സ്‌കൂളില്‍ മൂന്നാമത്തെ സെന്റര്‍ സ്ഥാപിച്ചത്.

ജനങ്ങള്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ഏത് സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നതിനാല്‍ വാക്‌സിന്‍ വിതരണം കൂടുതല്‍ എളുപ്പമാകുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വാക്‌സിനെടുക്കാന്‍ ഓണ്‍ലൈനായും നേരിട്ട് സെന്ററിലെത്തിയും രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

അര്‍ഹരായവര്‍ക്ക് ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ നല്‍കാനുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം മധ്യപ്രദേശില്‍ 3,66,86,401 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്.

content highlights: covid vaccination drive madhyapradesh gov set up 24 hrs vaccination Centre in bhopal