ന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവും വേഗത്തില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്യുന്ന രാജ്യമായി ഇന്ത്യ. 10 കോടി ഡോസുകളാണ് ഇന്ത്യ വിതരണം ചെയ്തത്. 85 ദിവസങ്ങള്‍ക്കുളളിലാണ്  ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. 10 കോടി ഡോസ് പ്രതിരോധ വാക്‌സിന്‍ വിതരണത്തിനായി യുഎസ് എടുത്തത് 89 ദിവസങ്ങളാണ്. ചൈന 102 ദിവസങ്ങളും എടുത്തു. 

ജൂലായ് മാസത്തോടെ 25 കോടി ആളുകള്‍ക്ക് ലഭ്യമാക്കാനാണ് രാജ്യം ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍ ഈ ലക്ഷ്യത്തിലെത്താന്‍ ഇനിയും വേഗത വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിലവില്‍ 45 വയസ്സിന് മുകളില്‍ പ്രായമുളള എല്ലാവര്‍ക്കും രാജ്യത്ത് വാക്‌സിന്‍ ലഭ്യമാണ്. 

അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. മാര്‍ച്ചുമുതലാണ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തി തുടങ്ങുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ കേസുകള്‍ കുത്തനെ വര്‍ധിച്ചു. ഏപ്രില്‍ നാലിന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നത് യുഎസ് മാത്രമാണ്. അന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ പകുതിയും മഹാരാഷ്ട്രയില്‍ നിന്നായിരുന്നു. 

ഞായറാഴ്ച 1,52,879 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 839 പേര്‍ രോഗം ബാധിച്ച് മരിച്ചതായും സ്ഥിരീകരിച്ചു. ഇതുവരെ 12 ദശലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1,67,000 പേര്‍ മരിച്ചു. യുഎസും ബ്രസീലും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ഇന്ത്യ. 

കേസുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വാക്‌സിനേഷന്‍ വേഗത്തിലാക്കിയിട്ടുണ്ട്. 40 ദശലക്ഷം ഡോസുകള്‍ സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും ചില സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ വേണ്ടത്ര ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജനുവരി 16-നാണ് ഇന്ത്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിക്കുന്നത്. ആസ്ട്രസനക്കയുടെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്.