ന്യൂഡല്‍ഹി:  കോവിഡിന്റെ രണ്ടാം വരവില്‍ രാജ്യത്ത് ആശങ്കയേറ്റി ഒറ്റ ദിവസം 1,84,372 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

24 മണിക്കൂറിനുള്ളില്‍ 1027 പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെയുള്ള ഉയര്‍ന്ന മരണസംഖ്യയാണിത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,72,085 ആയി ഉയര്‍ന്നു. 

ഇതുവരെ 11 കോടിയിലേറെ പേര്‍ക്ക് വാക്സിന്‍ നല്‍കി. ആകെ കോവിഡ് കേസുകള്‍ 1,38,73,825 ആയപ്പോള്‍ രോഗമുക്തരായവരുടെ എണ്ണം 1,23,36,036 ആണ്. 13,65,704 സജീവ കേസുകളും രാജ്യത്തുണ്ട്.

തുടര്‍ച്ചയായ എട്ടാംദിവസമാണ് രാജ്യത്തെ കോവിഡ് കേസുകള്‍ ഒരുലക്ഷം കവിയുന്നത്. നിലവില്‍ ലോകത്തെ ആകെ കോവിഡ് കേസുകളുടെ കണക്കില്‍ ഇന്ത്യ രണ്ടാമതാണ്. യുഎസിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 60000 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 281 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബുധനാഴ്ച മുതല്‍ മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights:covid updates in india 184372 cases reported on last day