ന്യൂഡൽഹി : ജയിലിലെ തിരക്ക് കുറയ്ക്കാന്‍ കൊറോണ കാലത്ത് തടവുകാര്‍ക്ക് അനുവദിച്ച ജാമ്യം നീട്ടി നല്‍കില്ലെന്ന് സുപ്രീം കോടതി. കൊറോണ നിയന്ത്രണവിധേയമാണെന്നും തടവുകാര്‍ക്ക് ജയിലിലേക്ക് മടങ്ങാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഡല്‍ഹിയില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്നവരോട് 15 ദിവസത്തിനുള്ളില്‍ ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

സുപ്രീം കോടതി ഉത്തരവോടെ ഡല്‍ഹിയില്‍ 2318 വിചാരണ തടവുകാര്‍ക്ക് ജാമ്യം റദ്ദാകും. കോവിഡ് കാലത്ത് ജയിലിലെ തിരക്ക് ഒഴിവാക്കാന്‍ ഇവര്‍ക്ക് ലഭിച്ച ജാമ്യം കഴിഞ്ഞ ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സന്നദ്ധ സംഘടന ആയ നാഷണല്‍ ഫോറം ഓണ്‍ പ്രിസണ്‍ റിഫോംസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

ഡല്‍ഹി ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിയാല്‍ ജയിലുകളില്‍ വീണ്ടും തിരക്ക് ഉണ്ടാകുമെന്നും അത് കോവിഡ് വ്യാപനത്തിന് വഴിവയ്ക്കുുമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമായതിനാല്‍ ഈ വാദം നിലനില്‍ക്കില്ല എന്ന് ജസ്റ്റിസുരായ എല്‍ നാഗേശ്വര്‍ റാവു, രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. രാജ്യത്തെ ജയിലുകളിലെ തിരക്കും സ്ഥലപരിമിതി സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ് ക്യുറി ഗൗരവ് അഗര്‍വാളിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. 

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ തിരക്ക് ഒഴിവാക്കുന്നതിന് തടവ്പുള്ളികള്‍ക്ക് പരോളും ഇടക്കാല ജാമ്യവും അനുവദിക്കുന്നത് പരിശോധിക്കാന്‍ ഉന്നത അധികാര സമിതി രൂപീകരിക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ അധ്യക്ഷനായ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി തടവുകാര്‍ക്കാണ് ജാമ്യം ലഭിച്ചത്.

content highlights : Covid under control, prisoners can go to prison