പ്രതീകാത്മക ചിത്രം | Mathrubhumi archives
ന്യൂഡല്‍ഹി: പതിന്നാല് വയസ്സിന് താഴെ കോവിഡ് ബാധിതരായ കുട്ടികളില്‍ രണ്ടുമാസത്തില്‍ കൂടുതല്‍ രോഗലക്ഷണം നീണ്ടുനില്‍ക്കുന്നതായി പഠനം. ലാന്‍സെറ്റ് ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കോവിഡ് ബാധിച്ച മൂന്ന് വയസ്സില്‍ താഴെ പ്രായക്കാരില്‍ 40 ശതമാനം പേര്‍ക്കും രണ്ടുമാസത്തിലേറെ ലക്ഷണങ്ങളുണ്ടായിരുന്നു. നാലു മുതല്‍ 11 വരെ പ്രായമുള്ള കോവിഡ് ബാധിതരില്‍ 38 ശതമാനം പേര്‍ക്കും രോഗലക്ഷണം നീണ്ടുനിന്നു.
14 വയസ്സുവരെയുള്ളവരില്‍ 46 ശതമാനം കുട്ടികള്‍ക്കും ദീര്‍ഘകാലലക്ഷണങ്ങള്‍ അനുഭവപ്പെട്ടു. ഡെന്‍മാര്‍ക്കിലെ കുട്ടികളില്‍നിന്ന് ശേഖരിച്ച സാംപിളുകള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. കുട്ടികള്‍ക്കിടയിലെ ദീര്‍ഘകാല ലക്ഷണങ്ങള്‍ അവര്‍ക്കിടയിലെ നീണ്ടുനില്‍ക്കുന്ന കോവിഡിന്റെയും സൂചനയാണ്. അതിനാല്‍ അത്തരം പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് എത്രയും പെട്ടെന്ന് ചികിത്സിക്കേണ്ടതിന്റെ ആവശ്യകതയും പഠനത്തില്‍ വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനമുയര്‍ന്ന ജില്ലകളില്‍ ശ്രദ്ധവേണം -ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഉയര്‍ന്ന രോഗസ്ഥിരീകരണനിരക്കുള്ള ജില്ലകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ.
ആര്‍.ടി.പി.സി.ആര്‍. പരിശോധനകളുടെ എണ്ണം ഉയര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.ചില സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ വിദഗ്ധരുമായി നടത്തിയ കോവിഡ് അവലോകനയോഗത്തിലാണ് നിര്‍ദേശം. കൂടുതല്‍ രോഗികളുള്ള ജില്ലകളില്‍ ബൂസ്റ്റര്‍ ഡോസുകള്‍ ഉള്‍പ്പെടെയുള്ള വാക്‌സിനേഷന്റെ വേഗം വര്‍ധിപ്പിക്കണം. രാജ്യത്ത് വാക്‌സിന്‍ക്ഷാമമില്ല. അതിനാല്‍ അര്‍ഹരായ എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണംചെയ്യണം. മറ്റ് അസുഖങ്ങളുള്ളവര്‍ക്ക് വാക്‌സിനേഷനില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണം. പുതിയ വകഭേദങ്ങള്‍ തിരിച്ചറിയാന്‍ ജനിതക ശ്രേണീകരണം തുടരണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് 13,313 പേര്‍ക്കുകൂടി കോവിഡ്
വ്യാഴാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത് 13,313 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 38 പേര്‍ മരിച്ചു. 2.03 ആണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്. 10,972 പേരുടെ രോഗം ഭേദമായി. 83,990 പേര്‍ ചികിത്സയിലുണ്ട്. 196.62 കോടി ഡോസ് വാക്‌സിന്‍ രാജ്യത്ത് ഇതുവരെ വിതരണംചെയ്തു.
Content Highlights: COVID symptoms in children
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..