ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രണ്ടാംതരംഗത്തില്‍ രോഗ ലക്ഷണങ്ങളുടെ തീവ്രത ആദ്യ തരംഗത്തെ അപേക്ഷിച്ച് തീരെ കുറവാണെ(very less)ന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. രണ്ടാം തരംഗത്തില്‍ മറ്റ് ലക്ഷണങ്ങളെ അപേക്ഷിച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടവരുടെ എണ്ണം കൂടുതലാണെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു കൂട്ടിച്ചേര്‍ത്തു. ആദ്യ തരംഗത്തില്‍ വരണ്ടചുമ, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളായിരുന്നു കൂടുതലായും പ്രകടമായിരുന്നത്. 

കോവിഡിന്റെ രണ്ടാം തരംഗത്തിൽ യുവാക്കളും കുട്ടികളുമാണ് കൂടുതൽ രോഗബാധിതരാകുന്നതെന്ന വാദവും അദ്ദേഹം തള്ളി. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗത്തില്‍ രോഗബാധിതരായവരില്‍ 70 ശതമാനവും 40 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. കോവിഡ് ബാധിതരായ ചെറുപ്പക്കാരുടെ എണ്ണത്തില്‍ നേരിയ വര്‍ധന മാത്രമാണുള്ളത്. ആദ്യ തരംഗത്തില്‍ കോവിഡ് ബാധിച്ചവരുടെ ശരാശരി പ്രായം 50 വയസ്സായിരുന്നു. രണ്ടാം തരംഗത്തില്‍ ഇത് 49 വയസ്സാണ്. രണ്ടാം തരംഗത്തിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടേണ്ടി വരുന്നത് കൂടുതലും പ്രായമായവർക്ക് തന്നെയാണ്. 

0-19 വരെയുള്ള പ്രായക്കാരില്‍ ആദ്യ തരംഗത്തിലെ രോഗബാധാ നിരക്ക് 4.2ശതമാനവും രണ്ടാം തരംഗത്തില്‍ 5.8 ശതമാനവുമാണ്. 20-40 വരെ പ്രായമുള്ളവരില്‍ ആദ്യ തരംഗത്തില്‍ 23 ശതമാനവും രണ്ടാം തരംഗത്തില്‍ 25 ശതമാനവുമാണ് രോഗബാധാനിരക്ക്. നേരിയ വ്യത്യാസം മാത്രമേ ഇതിലുള്ളൂ. രോഗബാധിതരില്‍ 70 ശതമാനത്തില്‍ അധികം പേരും നാല്‍പ്പതോ അതിനു മുകളിലോ പ്രായമുള്ളവരാണെന്നും ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

content highlights: covid second wave: severity of symptoms less in this time says icmr dg balram bhargava