വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,996 പേർക്കുകൂടി ആന്ധ്രയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,64,142 ആയി വർധിച്ചു.
പുതുതായി 82 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 2,378 ആയി. 90,840 രോഗികളാണ് നിലവിൽ ആന്ധ്രയിൽ ചികിത്സയിലുള്ളത്. 1,70,924 പേർ ഇതുവരെ രോഗമുക്തരായതായും സംസ്ഥാന കോവിഡ്-19 നോഡൽ ഓഫീസർ അറിയിച്ചു.
തമിഴ്നാട്ടിൽ വ്യാഴാഴ്ച 5,835 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ കേരളത്തിൽ നിന്ന് റോഡ് മാർഗം തിരിച്ചെത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,20,355 ആയി. ആകെ കോവിഡ് മരണസംഖ്യ 5,397 ആയി ഉയർന്നു. വ്യാഴാഴ്ച മാത്രം 119 മരണം റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച 5146 പേർകൂടി രോഗമുക്തരായി. 2,61,459 പേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായത്. 53,499 രോഗികൾ നിലവിൽ ചികിത്സയിൽ തുടരുന്നുണ്ട്. 35 ലക്ഷത്തോളം സാംപിളുകൾ ഇതുവരെ സംസ്ഥാനത്ത് പരിശോധിച്ചതായും ആരോഗ്യവകുപ്പിന്റെ കണക്കുകളിൽ പറയുന്നു.
കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. വ്യാഴാഴ്ച 6,706 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 103 പേർകൂടി മരിച്ചതോടെ ആകെ മരണം 3613 ആയി വർധിച്ചു. സംസ്ഥാനത്ത് 1,21,242 പേർ ഇതുവരെ രോഗമുക്തരായി. ഇന്ന് മാത്രം 8,609 പേർ രോഗമുക്തി നേടി. 78,337 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
content highlights: covid 19, covid death, covid cases