ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,509 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ പകുതിയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തില്‍നിന്നാണ്. ബുധനാഴ്ച 22,056 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 640 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 131 മരണം കേരളത്തില്‍നിന്നുള്ളതാണ്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതോടെ 4,22,662 ആയിട്ടുണ്ട്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 38,465 പേര്‍ കൂടി രോഗമുക്തി നേടുകയും ചെയ്തു,

കേരളത്തില്‍ കോവിഡ് പ്രതിദിന കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രം ആറംഗ വിദഗ്ധ സംഘത്തെ സംസ്ഥാനത്തേക്ക് അയക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍നിന്നുള്ള വിദഗ്ധരാണ് സംസ്ഥാനത്ത് എത്തുക. ഇപ്പോഴും വലിയ തോതില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍, സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘം സഹായങ്ങള്‍ നല്‍മെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. 

നിലവില്‍ രാജ്യത്ത് 4,03,840 സജീവ കേസുകളാണുള്ളത്. തുടര്‍ച്ചയായ രണ്ടാംദിവസമാണ് സജീവ രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നത്. 77-ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 97.38 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്. ജൂലായ് 28 വരെ 46,26,29,773 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്നലെ മാത്രം 17,28,795 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

content highlights: covid india update