ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കേരളത്തില്‍ എന്തുകൊണ്ടാണ് കുറവെന്ന് സുപ്രീം കോടതി. അപേക്ഷ നല്‍കാത്തവരുടെ വീടുകളില്‍ എത്തി നഷ്ടപരിഹാരത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരിക്കണം. ഇതുവരെ അപേക്ഷ നല്‍കിയവര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം കൈമാറണമെന്നും കേരളത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാര വിതരണം തൃപ്തികരമല്ലാത്ത സംസ്ഥാനങ്ങളില്‍, സംസ്ഥാന ജില്ലാ തലങ്ങളിലുള്ള ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ സേവനം വിനിയോഗിക്കാനും കോടതി തീരുമാനിച്ചു.
സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജനുവരി പത്തുവരെ സംസ്ഥാനത്ത് 49,300 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 27,274 പേരുടെ ബന്ധുക്കള്‍ നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കി. ഇതില്‍ 23,652 പേരുടെ ബന്ധുക്കള്‍ക്ക് അരലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാറിന്റെ സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങളിലും സര്‍ക്കാരുകളുടെ ഔദ്യോഗിക കണക്കുകളില്‍ ഉള്ള കോവിഡ് മരണത്തെക്കാളും കൂടുതല്‍ പേര് നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ജസ്റ്റിസ് എം.ആര്‍. ഷാ ചൂണ്ടിക്കാട്ടി.
നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാത്തവരുടെ വീടുകളില്‍ ജില്ലാ, താലൂക്ക് തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിശദീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ലഭിക്കുന്ന അപേക്ഷകളില്‍ അടിയന്തിരമായി തീരുമാനം എടുക്കണം. ഇതുവരെ ലഭിച്ച അപേക്ഷകളില്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനം എടുക്കാനും സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാര വിതരണം മന്ദഗതിയില്‍ നടക്കുന്ന ബിഹാറിലെയും, ആന്ധ്രയിലെയും ചീഫ് സെക്രട്ടറിമാരോട് കോടതി നടപടികളില്‍ പങ്കെടുത്ത് വിശദീകരണം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
content highlights: covid death compenasation: why number of applicants less in keralam asks supreme court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..