കൊൽക്കത്ത: കഴിഞ്ഞ ആറ് മാസക്കാലമായി കേന്ദ്രം ഒന്നും ചെയ്യാത്തതിന്റെ പരിണതഫലമാണ് രാജ്യത്തെ കോവിഡ് പ്രതിസന്ധിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമ ബംഗാള്‍ നിയമസഭാ സ്പീക്കറായി ബിമന്‍ ബന്ദോപാധ്യായ തിരഞ്ഞെടുക്കപ്പെട്ടശേഷം സഭയില്‍ സംസാരിക്കുകയായിരുന്നു മമത. 

ബംഗാളില്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയാതായതോടെ സംസ്ഥാനത്ത് ബി.ജെ.പി. അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്ന് മമത ബാനര്‍ജി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പിയെ ഇതുപോലെ സഹായിക്കാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് 30 സീറ്റുപോലും നേടാന്‍ കഴിയുമായിരുന്നില്ല.  തിരഞ്ഞെടുപ്പില്‍ ചില സ്ഥലങ്ങളില്‍ വോട്ടെടുപ്പ് പാനലിന്റെ അറിവോടെ തന്നെ ചില അട്ടിമറി നടന്നുവെന്നും മമത ബാനര്‍ജി ആരോപിച്ചു

"അവര്‍ക്കീ ജനവിധി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല . അതിനു പകരമായി വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണ് ബി.ജെ.പി. ചെയ്തത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന കേന്ദ്രസേനയിലുള്ളവര്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് ചെയ്തിരുന്നില്ല. അതിവിടെ കോവിഡ് വ്യാപനത്തിനിടയാക്കി." മമത പറഞ്ഞു.

മാത്രവുമല്ല, കഴിഞ്ഞ ആറ് മാസത്തിനിടക്ക് കോവിഡ് മഹാമാരി തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും മമത കുറ്റപ്പെടുത്തി. "ബംഗാളില്‍ ഒരു ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരിനെ ഉണ്ടാക്കാന്‍ വേണ്ടി അവര്‍ ഇന്ത്യയെ നാശത്തിന്റെ വക്കിലെത്തിച്ചു. കഴിഞ്ഞ ആറ് മാസക്കാലം കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിച്ചതേയില്ല. അവരെല്ലാം ബംഗാള്‍ പിടിക്കാന്‍ വേണ്ടി എല്ലാ ദിവസവും ഇവിടെയായിരുന്നു." മമത കൂട്ടിച്ചേര്‍ത്തു.

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിനും പ്രതിമകള്‍ക്കും പ്രധാനമന്ത്രിയുടെ ഭവനത്തിനും വേണ്ടി 50,000 കോടി രൂപ ചെലവഴിക്കുന്ന നേരം കേന്ദ്രസര്‍ക്കാര്‍ ഇന്ത്യക്കാര്‍ക്കെല്ലാം വാക്‌സിന്‍ സൗജന്യമായാണ് നല്‍കേണ്ടതെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടു. മമതയുടെ പ്രസംഗത്തെ തുടര്‍ന്ന് പ്രധാന പ്രതിപക്ഷമായ ബി.ജെ.പി. സഭയില്‍ നിന്നിറങ്ങിപ്പോയി.

content highlights: COVID crisis is the result of Centre doing no work in last 6 months says Mamata