പ്രതീകാത്മകചിത്രം | PTI
ന്യൂഡല്‍ഹി: ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനൊപ്പം രാജ്യത്ത് കോവിഡ് കേസുകളിലും വന്‍ വര്‍ധനവ്. മൂന്നാം തരംഗത്തിന്റെ വ്യക്തമായ സൂചന നല്‍കിക്കൊണ്ടാണ് കേസുകള്‍ വര്‍ധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂരിനിടെ രാജ്യത്ത് 13,154 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുന്‍ ദിവസത്തെക്കാള്‍ 45 ശതമാനം അധികമാണ് പുതിയ രോഗികളുടെ എണ്ണം. 1.01% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ മാത്രം രാജ്യത്ത് 268 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 98.38 ശതമാനമാണ് രോഗമുക്തി നിരക്ക്.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനോടൊപ്പം രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ആയിരത്തിലേക്ക് അടുക്കുകയാണ്. ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 961 ആയി. ഒമിക്രോണ്‍ ബാധിച്ച 320 പേരാണ് ഇതുവരെ രോഗമുക്തരായത്. ഡല്‍ഹിയിലാണ് ഏറ്റവും അധികം ഒമിക്രോണ്‍ കേസുകള്‍. 263 പേര്‍ക്ക് രാജ്യതലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുകയാണ്.
രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്കും രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ്. മുംബൈ നഗരത്തില്‍ അടുത്ത മാസം ഏഴാം തീയിതി വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാജ്യത്തെ മെട്രോ നഗരങ്ങളിലും സംസ്ഥാന തലസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ഒമിക്രോണ്‍ വ്യാപനം ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സാധ്യത. പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ലോകത്താകമാനം കോവിഡ് കേസുകളുടെ സുനാമിയുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡെല്‍റ്റയും ഒമിക്രോണും ഇരട്ട ഭീഷണിയാണെന്നും അതിനാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ വ്യാപനശേഷിയുള്ള ഒമിക്രോണും നിലവില്‍ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഡെല്‍റ്റയും ചേര്‍ന്ന് കോവിഡ് കേസുകളുടെ സുനാമിക്ക് വഴിവെച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്.
Content Highlights: Covid cases triggering again in India and Omicron tally surges to 961


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..