ബെർലിൻ/ പാരിസ്: കോവിഡ് വാക്സിൻ ബൂസ്റ്റർ നൽകുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ അഭ്യര്‍ഥന തള്ളി ജർമ്മനിയും ഫ്രാൻസും. സെപ്റ്റംബര്‍ മുതൽ രണ്ടു രാജ്യത്തും വാക്സിൻ ബൂസ്റ്ററുകൾ നൽകിത്തുടങ്ങും. 

ഡെൽറ്റ വകഭേദങ്ങളെ നേരിടാൻ മൂന്നാം ഡോസ് വാക്സിനുകൾ നൽകുന്നത് ഗുണകരമാകും എന്നാണ് പഠനങ്ങൾ. എന്നാൽ നിലവിൽ പല രാജ്യങ്ങളിലും ആദ്യ ഡോസ് വാക്സിനേഷൻ പൂര്‍ത്തീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പല രാജ്യങ്ങളും വാക്സിൻ ബൂസ്റ്ററുകൾ നൽകിത്തുങ്ങുന്നത് വാക്സിൻ ലഭ്യതക്കുറവുണ്ടാക്കുമെന്ന് ഡബ്ല്യൂ.എച്ച്.ഒ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ജർമ്മനിയും ഫ്രാൻസും ഇത് അംഗീകരിക്കാതെ വാക്സിൻ ബൂസ്റ്ററുകൾ നൽകാനുള്ള തയ്യാറെടുപ്പിലാണ്.

പ്രായമായവർക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും മൂന്നാം ഡോസ് വാക്സിൻ നൽകേണ്ട സാഹചര്യമാണ്. ഫ്രാൻസ് അതിനുള്ള ഒരുക്കത്തിലാണെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. 

സെപ്റ്റംബര്‍ മുതൽ ജർമ്മനിയും വാക്സിൻ ബൂസ്റ്ററുകൾ നൽകിത്തുടങ്ങും. പ്രായമായവർ, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് വാക്സിൻ ബൂസ്റ്ററുകൾ നൽകാൻ ഉദ്ദേശിക്കുന്നുവെന്ന് ജർമ്മൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം സമ്പന്ന രാജ്യങ്ങൾ ആഗോള വാക്സിനുകളുടെ കൂടുതൽ ഡോസുകൾ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സെപ്തംബർ അവസാനം വരെ വാക്സിൻ ബൂസ്റ്ററുകൾ നൽകുന്നത് നിർത്തണമെന്നും ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. എന്നാൽ ഡബ്ല്യു.എച്ച്.ഒയുടെ ആവശ്യം ജർമ്മനിയും ഫ്രാൻസും തള്ളിക്കളയുകയായിരുന്നു.

എന്നാൽ രാജ്യത്ത് വാക്സിൻ ബൂസ്റ്റർ നൽകുന്നതിനോടൊപ്പം തന്നെ ദരിദ്ര രാജ്യങ്ങൾക്ക് 30 കോടി വാക്സിൻ ഡോസുകൾ നൽകുമെന്ന് ജർമ്മനി അറിയിച്ചു. 

Content Highlights: Covid booster shots; Germany, France Ignore WHO Request