ന്യൂഡല്‍ഹി: കോവിഡ്  മഹാമാരി ജിഎസ്ടി വരുമാനത്തെ ബാധിച്ചുവെന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 2.35 ലക്ഷം കോടിയുടെ കുറവുണ്ടായെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.

കോവിഡ് ദൈവനിശ്ചയമാണെന്നും അത് സാമ്പത്തിക  ഞെരുക്കത്തിന് കാരണമായേക്കാമെന്നും അവര്‍ പറഞ്ഞു.' ഈ വര്‍ഷം നമ്മള്‍ അസാധാരണമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നു. ദൈവ പ്രവൃത്തിയെയാണ് നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. നമുക്ക് ഒരു സാമ്പത്തിക തളര്‍ച്ച കാണാന്‍ സാധിക്കും' നിര്‍മല പറഞ്ഞു.

മാര്‍ച്ചില്‍ 13,806 കോടി രൂപ അനുവദിച്ചതുള്‍പ്പടെ 2020 സാമ്പത്തിക വര്‍ഷത്തില്‍ 1.65 ലക്ഷം കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രം നല്‍കിയത്. ജിഎസ്ടി നഷ്ടപരിഹാരത്തിനായി ശേഖരിച്ച സെസ് 95,444 കോടി രൂപ മാത്രമാണെന്നും ധനമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിസന്ധിയില്‍ ജിഎസ്ടി വരുമാനക്കുറവിന് കേന്ദ്രം നഷ്ടപരിഹാം നല്‍കുന്നില്ലെന്ന സംസ്ഥാനങ്ങളുടെ വ്യാപക പരാതി നിലനില്‍ക്കെയാണ് ഇന്ന് ജിഎസ്ടി കൗണ്‍സില്‍ ചേര്‍ന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 

 റിസര്‍വ് ബാങ്കില്‍ നിന്ന് സംസ്ഥാനങ്ങള്‍ വായ്പ എടുക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നുവന്നു.

'രണ്ട് ഓപ്ഷനുകള്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍വെച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് വഴി ഞങ്ങള്‍ സൗകര്യമൊരുക്കാം. ഇക്കാര്യത്തില്‍ ആലോചിക്കാനും തീരുമാനമെടുക്കാനും സംസ്ഥാനങ്ങള്‍ ഏഴ് ദിവസം അനുവദിച്ചു. അതിന് ശേഷം വീണ്ടും ഒരു ചെറിയ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. ഈ വര്‍ഷം രണ്ട് പ്രതിമാസ പേയ്‌മെന്റുകളാണ് വൈകുന്നത്. ഞങ്ങള്‍ക്ക് ഈ വര്‍ഷത്തെ സാവകാശം മാത്രമേ വേണ്ടതുള്ളൂ. അടുത്ത വര്‍ഷം ഏപ്രിലില്‍ ജിഎസ്ടി കൗണ്‍സിലിന് പേയ്‌മെന്റുകള്‍ വീണ്ടും പരിശോധിക്കാനാകും' നിര്‍മല പറഞ്ഞു.

ബിജെപിയിതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍  ജിഎസ്ടി കുടിശിക നല്‍കാന്‍ കേന്ദ്രത്തിന് നിയമപരമായ ബാധ്യതയുണ്ടെന്ന് പറഞ്ഞു. നികുതി വരുമാനത്തില്‍ കുറവുണ്ടെങ്കില്‍ അത്തരം ബാധ്യതയില്ലെന്ന് കേന്ദ്രം അവകാശപ്പെട്ടു.

Content Highlights: Covid Act of God-may result in contraction of economy-Nirmala Sitharaman