ഭോപ്പാല്‍: ഇന്ത്യക്കെതിരെ ചൈന നടത്തുന്ന 'വൈറസ് യുദ്ധ'മാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്ത് അലയടിച്ചു കൊണ്ടിരിക്കുന്ന കോവിഡിന്റെ രണ്ടാം തരംഗത്തിന് പിന്നിലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയ. ഈ അവസരത്തില്‍ ഏവരും ഒറ്റക്കെട്ടായി രാജ്യത്തിന് വേണ്ടി നിലകൊള്ളണമെന്നും വിജയ് വാര്‍ഗിയ ആവശ്യപ്പെട്ടു. ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ലോകത്തിന് മുന്നില്‍ തരംതാഴ്ത്തുന്നതിന് വേണ്ടിയാണ് ചൈനയുടെ ഈ വൈറസ് യുദ്ധമെന്നും അദ്ദേഹം ആരോപിച്ചു.

'ചൈനയെ ലോകത്ത് ഇന്നേ വരെ എതിര്‍ത്തിട്ടുള്ളത് ഇന്ത്യയും മോദിജിയും മാത്രമാണ്. അതു കൊണ്ടു തന്നെ കോവിഡിന്റെ രണ്ടാം തരംഗം തനിയെ ആവിര്‍ഭവിച്ചതാണോ മറിച്ച് ഇന്ത്യയിലേക്ക് അയച്ചതാണോ എന്ന കാര്യം വിശകലനം ചെയ്യേണ്ടതുണ്ട്. പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ പ്രശസ്തിയെ താറടിക്കുന്നതിനും വേണ്ടിയുള്ള ചൈനയുടെ 'ടൂള്‍കിറ്റാ'ണ് രണ്ടാം തരംഗം', വിജയ് വാര്‍ഗിയ കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയില്‍ മാത്രമാണ് കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടായിട്ടുള്ളത്. അതേസമയം അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളെ രണ്ടാം തരംഗം  ബാധിച്ചിട്ടുമില്ല. അതു കൊണ്ടാണ് ഇന്ത്യയെ പ്രതിസന്ധിയിലാക്കാനുള്ള ചൈനയുടെ ശ്രമമാണിതെന്ന് താന്‍ കരുതുന്നതെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശില്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്യുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തുടനീളം ഓക്‌സിജന്‍ വിതരണം ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി കഠിനപ്രയത്‌നം നടത്തിയതായി വിജയ് വാര്‍ഗിയ പറഞ്ഞു. എല്ലാ സേനാവിഭാഗങ്ങളേയും ഓക്‌സിജന്‍ വിതരണത്തില്‍ മോദി ഉള്‍പ്പെടുത്തി, തീവണ്ടികളും വിതരണത്തിനുപയോഗിച്ചു. തങ്ങള്‍ പാര്‍ട്ടിയ്ക്ക് വേണ്ടിയല്ല മറിച്ച് രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും വിജയ് വാര്‍ഗിയ കൂട്ടിച്ചേര്‍ത്തു.  

Content Highlights: Covid 2nd Wave China's Viral War On India BJP Leader Kailash Vijayvargiya