പുണെ: കോവിഡ് വാക്‌സിന്‍ ലോകത്തെ എല്ലാവര്‍ക്കും ലഭികുന്നതിന് 2024 അവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാണക്കമ്പനിയുടെ തലവന്‍. വാക്‌സിന്‍ വളരെവേഗം ലഭ്യമാക്കാന്‍ കഴിയും വിധം വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ഇനിയും ഉത്പാദനശേഷി വര്‍ധിപ്പിച്ച് തുടങ്ങിയിട്ടില്ലെന്ന് പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് അദാര്‍ പൂനവാല ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ ലഭിച്ചേക്കുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് വെളിപ്പെടുത്തല്‍. വാക്‌സിന്‍ എല്ലാവര്‍ക്കും ലഭിക്കണമെങ്കില്‍ നാല് മുതല്‍ അഞ്ച് വര്‍ഷംവരെ കാത്തിരിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വാക്‌സിന്റെ കാര്യത്തില്‍ ശുഭാപ്തി വിശ്വാസം വച്ചുപുലര്‍ത്താനാണ് ലോകം ആഗ്രഹിക്കുന്നത്. എന്നാല്‍ വാക്‌സിന്‍ വളരെവേഗം ലഭ്യമാക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് നിലവില്‍ ആരെങ്കിലും എത്തിയതായി തനിക്ക് അറിലവില്ലെന്ന് പൂനവാല പറഞ്ഞു. രണ്ട് ഡോസ് വാക്‌സിനാണ് വേണ്ടിവരുന്നതെങ്കില്‍ ലോകത്തിന് മുഴുവന്‍ വേണ്ടി 1500 കോടി ഡോസുകള്‍ ഉത്പാദിപ്പിക്കേണ്ടി വരുമെന്ന് പൂനവാല നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

ആസ്ട്ര സെനിക്ക, നോവ വാക്‌സ് എന്നിവയടക്കം കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന അഞ്ച് രാജ്യാന്തര കമ്പനികളുമായി പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സഹകരിക്കുന്നുണ്ട്. 100 കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് ലഭ്യമിടുന്നത്. ഇതിന്റെ 50 ശതമാനം ഇന്ത്യയ്ക്കുവേണ്ടി ആയിരിക്കും. റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി ഗമാലെയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായും അവര്‍ സഹകരിച്ചേക്കും. 

വാക്‌സിന്‍ നിര്‍മാണത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവിയുടെ അഭിപ്രായ പ്രകടനം അതീവ പ്രാധാന്യമുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു. വാക്‌സിന്‍ ഉടന്‍ ലഭ്യമാകുമെന്ന തരത്തില്‍ രാഷ്ട്രീയ നേതാക്കള്‍ നല്‍കുന്ന വാഗ്ദാനങ്ങളില്‍ സംശയമുണര്‍ത്തുന്നതാണ് അത്. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും വാക്‌സിന് നേരത്തെതന്നെ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ ഉള്ളതിനാല്‍ വികസ്വര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ വൈകുമെന്ന ആശങ്കയുമുണ്ട്. 

കടപ്പാട് - Financial Times, News18

Content Highlights: COVID 19 vaccine won't be available to evevry one before the end of 2024 - Serum Institute chief