ന്യൂഡല്‍ഹി: രാജ്യത്ത് ജൂണ്‍ മാസം മുതല്‍ കോവിഡ് വാക്‌സിന്‍ വിതരണം വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വിവിധ വാക്സിനുകളുടെ 300 കോടി ഡോസുകള്‍ ഓഗസ്റ്റിനും ഡിസംബറിനുമിടെ രാജ്യത്ത് ലഭ്യമാകുമെന്ന് ഇതുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. 8.8 കോടി ഡോസുകള്‍ എന്ന മെയ് മാസത്തിലെ വിതരണണം ജൂണ്‍ മാസത്തോടെ ഇരട്ടിയാകുമെന്നും (15.81 കോടി ഡോസുകള്‍) ഓഗസ്റ്റില്‍ നാലിരട്ടിയാകാമെന്നും (36.6 കോടി ഡോസുകള്‍) അധികൃതര്‍ കണക്കാക്കുന്നു. ഡിസംബറില്‍ മാത്രം 65 കോടി ഡോസുകളുടെ ലഭ്യതയാണ് പ്രതീക്ഷിക്കുന്നത്. 

ഓഗസ്റ്റിനും ഡിസംബറിനുമിടയില്‍ 293 കോടി വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാകുമെന്നണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ അധികമാണിത്. ഇതുവഴി രാജ്യത്തെ വാക്‌സിന്‍ ഡോസുകളുടെ കുറവ് പരിഹരിക്കാനും മന്ദഗതിയിലായ പ്രതിരോധ കുത്തിവയ്പ്പ് നടപടിയെ വേഗത്തിലാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

നേരത്തെ കോവിഡ് വാക്സിന്റെ 216 കോടി ഡോസുകള്‍ ഓഗസ്റ്റിനും ഡിസംബറിനുമിടെ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ പറഞ്ഞിരുന്നു. പൂര്‍ണമായും ഇന്ത്യക്കും ഇന്ത്യക്കാര്‍ക്ക് വേണ്ടിയായിരിക്കും ഇതെന്നും എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കും എന്നകാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് വിജയകരമായി നടപ്പാക്കിയാല്‍ പുതുവര്‍ഷത്തോടെ കോവിഡിനെ പിടിച്ചുകെട്ടാന്‍ രാജ്യത്തിന് സാധിക്കുമെന്നണ് വിലയിരുത്തുന്നത്. 

കോവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയ്ക്ക് പുറമേ മറ്റ് ആറ് വാക്‌സിനുകളെക്കൂടി വാക്‌സിനേഷന്‍ പദ്ധതിയുടെ രൂപരേഖയില്‍ വി.കെ പോള്‍ പരാമര്‍ശിച്ചിരുന്നു. ബയോഇ (BioE), സിഡസ് കാഡില (Zydus Cadila), നോവവാക്‌സ് (Novavax), ഭാരത് ബയോടെകിന്റെ മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്‍, ജെന്നോവ (Gennova), റഷ്യയുടെ സ്പുട്നിക് വി എന്നിവരാണ് മറ്റുള്ളവ. ഇതില്‍ റഷ്യയിലെ ഗമേലയ നാഷണല്‍ സെന്റര്‍ വികസിപ്പിച്ച സ്പുട്നിക് വി വാക്സിന് അനുമതി ലഭിച്ചിരുന്നു. അടുത്തയാഴ്ച ആദ്യം മുതല്‍ രാജ്യത്തുടനീളം പൊതുവിപണിയില്‍ ഇത് ലഭ്യമാകും.

പട്ടികയില്‍ ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ചൈനയുടെ സിനോഫാം എന്നീ വാക്സിനുകളെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിന്‍ നിര്‍മാതാക്കളുമായും ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വി.കെ പോള്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ വാക്സിന്‍ ലഭ്യമാക്കാന്‍ താത്പര്യമുണ്ടോ എന്ന് അവരോട് ആരായുന്നുണ്ടെന്നും എന്നാല്‍ വാക്സിന്‍ ലഭ്യത വിലയിരുത്തിയശേഷം പ്രതികരിക്കാം എന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ ബയോഇ (BioE) പ്രത്യേകം നിര്‍മിക്കുമെന്നും സാങ്കേതിക കൈമാറ്റ പ്രക്രിയ നടക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. പ്രതിമാസം അഞ്ച് കോടി വീതം ഈ വാക്‌സിന്‍ ഓഗസ്റ്റ് മുതല്‍ ഇന്ത്യയില്‍ ലഭ്യമായേക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്‌സ് വാക്‌സിനും സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ എല്ലാ മാസവും അഞ്ച് കോടി ഡോസുകള്‍ വീതം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്റെ പത്ത് കോടി ഡോസുകള്‍ വീതവും ഡിസംബര്‍ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Covid-19 Vaccine Supply Will Improve From June; Covovax, Intranasal Doses May Arrive in September