ചെന്നൈ: കോവിഡ് 19 വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് നയരേഖ തയ്യാറാക്കുന്നതിന് അടിയന്തര നടപടി വേണമെന്ന്  വാക്സിന്‍ വികസന-നിര്‍മ്മാണ സാദ്ധ്യതകള്‍ പരിശോധിക്കുന്നതിനായി കേരള സര്‍ക്കാര്‍ നിയമിച്ച സമിതിയുടെ  അദ്ധ്യക്ഷനും  ഐ.സി.എം.ആര്‍. ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുന്‍ മേധാവിയുമായ ഡോ. ജേക്കബ് ജോണ്‍ പറഞ്ഞു. 

''രോഗം വരാത്തവര്‍ക്കു മാത്രമാണോ വാക്സിന്‍ നല്‍കേണ്ടത്? അതോ എല്ലാവര്‍ക്കും നല്‍കണമോ? ഇത്തരം പ്രാഥമികമായ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടാവേണ്ടതുണ്ട്. കേരളത്തില്‍ ഇപ്പോള്‍ വാക്സിന്‍ നിര്‍മ്മാണ യൂണിറ്റുകളില്ല. കോവിഡ് 19-നെതിരെയുള്ള വാക്സിനുകള്‍ പലതും പരീക്ഷണത്തിന്റെ അന്തിമഘട്ടത്തിലാണ്. ഇവയില്‍ ഏറ്റവും പ്രയോജനപ്രദമായ വാക്സിനുകള്‍ ലഭ്യമാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിനാവശ്യമായ വാക്സിന്‍ ലഭ്യമാക്കുന്നതിന് ഈ ഘട്ടത്തില്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് സര്‍ക്കാര്‍  ആവശ്യപ്പെട്ടാല്‍ സമിതി തീര്‍ച്ചയായും അതിനോട് സഹകരിക്കും.'' വെല്ലൂരിലെ വീട്ടില്‍നിന്നു മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു ഡോ. ജേക്കബ് ജോണ്‍.

അഞ്ചംഗ സമിതിക്കാണ് കേരള സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ജിനോമിക്സിലെ ഡോ. വിനോദ് സ്‌കറിയ, കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രി കണ്‍സള്‍ട്ടന്റ് ഡോ. എം.ഡി. നായര്‍, ശ്രീ അവിട്ടം തിരുനാള്‍ ആസ്പത്രി സൂപ്രണ്ട് ഡോ. സന്തോഷ്‌കുമാര്‍(കണ്‍വിനര്‍) എന്നിവരാണ് സമിതയിലെ മറ്റംഗങ്ങള്‍.

കോവിഡ് 19-നെതിരെയുള്ള വാക്സിനുകളില്‍ വിപണിയില്‍ ആദ്യമെത്തുക ഏത് വാക്സിനായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ഡോ. ജേക്കബ് ജോണ്‍ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ കമ്പനികളായ ഫൈസറും മോഡേണയും നിര്‍മ്മിക്കുന്ന വാക്സിനുകള്‍ക്ക് അടുത്തു തന്നെ രജിസ്ട്രേഷന്‍ ലഭിച്ചേക്കുമന്നെ് സൂചനയുണ്ട്. എന്നാല്‍ ഈ വാക്സിനുകള്‍ക്ക് വില കൂടുതലാണെന്നതും ഇവ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും കൂടുതല്‍ മികച്ച സംവിധാനങ്ങള്‍ ഒരുക്കേണ്ടിവരുമെന്നതും ഈ വാക്സിനുകളുടെ ഇന്ത്യയിലെ വിപണനം ദുഷ്‌കരമാക്കുന്നുണ്ട്. 

റഷ്യയുടെ സ്പുട്നിക് 5, അസ്ട്രസെനക്കയുടെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നിവയാണ് ഇന്ത്യ ഇപ്പോള്‍ പ്രധാനമായും ഉറ്റുനോക്കുന്ന വാക്സിനുകള്‍. കോവിഷീല്‍ഡിന്റെ നിര്‍മ്മാണത്തില്‍ ഇന്ത്യയിലെ പൂനയില്‍നിന്നുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പങ്കാളിയാണ്. സ്പുട്നിക് 5-ന്റെ പരീക്ഷണത്തില്‍ ഇന്ത്യയില്‍നിന്നുള്ള ഡോ. റെഡ്ഡീസ് ലാബ് സഹകരിക്കുന്നുണ്ട്. ഇതില്‍ കോവിഷീല്‍ഡ് അടുത്ത വര്‍ഷം ആദ്യത്തോടെ വിപണിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

കോവിഡ് 19 വാക്സിന്‍ കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതുണ്ടെന്ന് ഡോ. ജേക്കബ് ജോണ്‍ പറഞ്ഞു. ''രോഗം വരാത്തവരെ കണ്ടെത്താന്‍ ആന്റി ബോഡി പരിശോധനയോ ടി സെല്‍ ഇമ്മ്യൂണിറ്റി പരിശോധനയോ വേണമെന്ന കാര്യത്തിലും തീരുമാനമെടുക്കണം. പ്രായമേറിയവര്‍ക്കും ആരോഗ്യ പരിപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും തീര്‍ച്ചയായും മുന്‍ഗണന നല്‍കേണ്ടി വരും. വൈറസിന്റെ ആക്രമണത്തിന് കൂടുതല്‍ വിധേയരാവാന്‍ സാദ്ധ്യതയുള്ള പോലിസ് സേനയിലെ അംഗങ്ങള്‍ക്കും വാക്സിന്‍ ആദ്യഘട്ടത്തില്‍ തന്നെ നല്‍കേണ്ടി വരും. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും കഴിയുന്നത്ര വേഗത്തില്‍ വാക്സിന്‍ നല്‍കാനായാല്‍ സ്‌കൂളുകളും കോളേജുകളും അധികം വൈകാതെ തുറക്കാനാവും.''

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് , ഭാരത് ബയൊടെക്ക് പോലുള്ള സ്വകാര്യ സ്ഥാപനങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് വാക്സിന്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തില്‍ പൊതുമേഖലയില്‍ മാത്രമായി വാക്സിന്‍ നിര്‍മ്മാണം സാദ്ധ്യമാണോ അതോ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയുള്ള നിര്‍മ്മാണമാണോ വേണ്ടതെന്നൊക്കെയുള്ള കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നയപരമായ ഉപദേശം നല്‍കുന്നതിന് സമിതിക്കാവും.

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന  ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാന്‍സ്ഡ് വൈറോളജി (ഐ.എ.വി.)യില്‍ വാക്സിന്‍ നിര്‍മ്മാണത്തിനുള്ള സാദ്ധ്യതകള്‍ സമിതി പരിശോധിക്കും. അടുത്തിടെ ഈ കേന്ദ്രത്തിന് ഗ്്ളോബല്‍  വൈറസ് നെറ്റ്വര്‍ക്ക് (ജി.വി.എന്‍.) അംഗത്വം ലഭിച്ചിരുന്നു. തിരുവനന്തപുരത്തെ തോന്നയ്ക്കലില്‍ സയന്‍സ് ആന്റ് ടെക്നോളജി കൗണ്‍സിലിനു കീഴിലുള്ള ലൈഫ് സയന്‍സസ് പാര്‍ക്കില്‍  കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഐ.എ.വി. പ്രവര്‍ത്തനം തുടങ്ങിയത്. 

ക്ലിനിക്കല്‍ വൈറോളജി, വൈറല്‍ ഡയഗ്നൊസ്റ്റിക്സ്, വൈറല്‍ എപ്പിഡമിയൊളജി എന്നിവയില്‍ അന്താരാഷ്ട്ര നിലവാരമുള്ള പ്രവര്‍ത്തനങ്ങളാണ് ഐ.എ.വി. ലക്ഷ്യമിടുന്നത്. പരീക്ഷണശാലകള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഈ കേന്ദ്രത്തില്‍ ഇനിയും പ്രവര്‍ത്തനക്ഷമമായിട്ടില്ല.

Content Highlights: Covid 19 vaccine policy shoul be implemented rightly, says Virologist Dr. Jacob John