ന്യൂഡല്‍ഹി: ചെറുകിട, ഇടത്തരം സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ സംഘടന സുപ്രീം കോടതിയെ സമീപിച്ചു. ചെറിയ സ്വകാര്യ ആശുപത്രികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം നിര്‍ത്തലാക്കിയത് പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് നി‍ർദേശിക്കണമെന്നാണ് ആവശ്യം. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ കക്ഷിചേരാനും കേരള സ്വകാര്യ ആശുപത്രി അസോസിയേഷന്‍ അപേക്ഷ നല്‍കി.

1200-ല്‍ അധികം ചെറുകിട, ഇടത്തരം സ്വകാര്യ ആശുപത്രികള്‍ അംഗങ്ങളായ കേരള സ്വകാര്യ ആശുപത്രി അസോസിയേഷന്‍ ആണ് വാക്‌സിന്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പുതിയ വാക്‌സിന്‍ നയം നിലവില്‍വരുന്നതിന് മുമ്പ് ചെറുകിട, ഇടത്തരം സ്വകാര്യ ആശുപത്രികള്‍ പണംനല്‍കി സര്‍ക്കാരില്‍ നിന്ന് വാക്‌സിന്‍ വാങ്ങിയിരുന്നു. എന്നാല്‍ പുതിയ നയം നിലവില്‍വന്നതിന് ശേഷം  നിര്‍മ്മാതാക്കളില്‍നിന്ന് നേരിട്ട് ആശുപത്രികള്‍ വാക്‌സിന്‍ വാങ്ങണമെന്നാണ് സര്‍ക്കാര്‍ നിഷ്‌കര്‍ച്ചിരിക്കുന്നത്. ഇതോടെ ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ച തങ്ങള്‍ പ്രതിസന്ധിയിലായെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയില്‍ ആശുപത്രികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പുതിയ വാക്‌സിന്‍ നയം പ്രകാരം ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ 25 ശതമാനം നിര്‍മാതാക്കള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കാം. എന്നാല്‍ ഏറ്റവും ചുരുങ്ങിയത് 6000 ഡോസിന്റെ ഓര്‍ഡര്‍ ഉണ്ടെങ്കില്‍ മാത്രമേ കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കാന്‍ കഴിയു എന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്. 2880 ഡോസില്‍ കുറഞ്ഞുള്ള ഓര്‍ഡറിന് കോവാക്‌സിന്‍ നല്‍കാന്‍ കഴിയില്ലെന്നാണ് ഭാരത് ബയോടെകും വ്യക്തമാക്കിയിട്ടുള്ളത്. നിര്‍മാതാക്കളുടെ ഈ നിലപാട് വന്‍കിട ആശുപത്രികള്‍ക്ക് മാത്രമാണ് ഗുണംചെയ്യുന്നതെന്നും അസോസിയേഷന്‍ ആരോപിക്കുന്നു. 

ചെറുകിട ഇടത്തരം സ്വകാര്യ ആശുപത്രികള്‍ക്കായി വാക്‌സിന്‍ സംഭരിച്ച് വിതരണംചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ 20 കോടിയോളം രൂപ സര്‍ക്കാരിന് കൈമാറിയിരുന്നു. എന്നാല്‍ നിലവില്‍ വാക്‌സിന്‍ നല്‍കാന്‍ കഴിയില്ലെന്നും കൈമാറിയ തുക തിരികെ നല്‍കാമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതായും അസോസിയേഷന്‍ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കേരളത്തില്‍ പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും വാക്‌സിന്‍ കുത്തിവയ്ക്കണമെങ്കില്‍ നാല് കോടതി വാക്‌സിന്‍ വേണം. ഗ്രാമീണ മേഖലകളില്‍ വാക്‌സിന്‍ കുത്തിവെപ്പ് വേഗത്തിലാക്കണമെങ്കില്‍ ചെറുകിട, ഇടത്തരം സ്വകാര്യ ആശുപത്രികളേക്കൂടി വാക്‌സിനേഷന്‍ യജ്ഞത്തില്‍ പങ്കാളികളാക്കണമെന്നും അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലി മുഖേന ഫയല്‍ചെയ്ത അപേക്ഷയില്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: covid 19 vaccine- An organization of private hospitals in Kerala has approached Supreme Court