മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 1,576 പേര്‍ക്ക്. 49 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 29,100 ആയി. ആകെ ചികിത്സയിലുള്ളത് 21,467 പേരാണ്. ഇതുവരെ 6,564 പേര്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നും ആകെ മരണം 1,068 ആണെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 

മുംബൈയില്‍ മാത്രം 933 പുതിയ കേസുകള്‍ സ്ഥിരീകരിക്കുകയും 24 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 17,512 പേര്‍ക്കാണ് മുംബൈയില്‍ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. 4,658 പേരാണ് ഇതിനോടകം രോഗമുക്തി നേടിയിട്ടുള്ളതെന്ന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. 

കോവിഡ്-19 ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കു പിന്നില്‍ തമിഴ്‌നാടാണ്. തമിഴ്‌നാട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഇന്ന് സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 385 കേസുകളാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 10,108 ആയി. അഞ്ചുപേരാണ് ഇന്നു മരിച്ചത്. കോവിഡ് മൂലം ഇതുവരെ 71 പേര്‍ക്കാണ് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത്. 

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാംസ്ഥാനത്താണ് ഗുജറാത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 340 പുതിയ കോവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 9,932 ആയി. 4,035 പേര്‍ പേര്‍ രോഗമുക്തി നേടി. 606 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.

content highlights: covid-19 update of maharashtra,gujrat and tamilnadu