ന്യൂഡല്‍ഹി:  കോവിഡ് രോഗിയാണെന്ന് മറച്ചുവെക്കുന്നവര്‍ക്കെതിരേ കടുത്ത ശിക്ഷാ നടപടിയുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. വൈറസ് ബാധ മറച്ചുവെക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും മൂന്ന് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് ഇറക്കി. 

ഉത്തര്‍പ്രദേശില്‍ ഒട്ടേറെ പേര്‍ രോഗബാധ മറച്ചുവെക്കുകയും പൊതുഗതാഗതം അടക്കമുള്ളവ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരത്തില്‍ രോഗം പകര്‍ത്തുന്നവര്‍ക്കെതിരേ കടുത്ത ശിക്ഷാ നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. 

കോവിഡ് ബാധിതനായ രോഗി അക്കാര്യം മറച്ചുവെക്കുകയും പിന്നീട് രോഗിയാണെന്ന് തിരിച്ചറിയുകയും ചെയ്താല്‍ ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇതോടൊപ്പം അമ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപവരെ ഇയാളില്‍ നിന്ന് ഈടാക്കുകയും ചെയ്യും. രോഗി പൊതുഗതാഗതം ഉപയോഗിച്ച് യാത്ര ചെയ്താല്‍ ജയില്‍ ശിക്ഷ ലഭിക്കും. 

കൂടാതെ വൈറസ് ബാധ സ്ഥിരീകരിച്ച് ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തി ക്വാറന്റൈന്‍ ലംഘിച്ചാല്‍ ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയോ പതിനായിരം രൂപമുതല്‍ പത്ത് ലക്ഷം രൂപവരെ പിഴയോ ഈടാക്കുമെന്നു സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നു.

Content Highlights: covid 19 UP government with severe punishment and ordinance for concealing kovid