ആഗ്ര: കോവിഡ് സംശയിച്ച് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന സര്‍ക്കാര്‍ ഡോക്ടര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. കോവിഡ് ബാധ സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ പാര്‍പ്പിച്ച ഡോക്ടറാണ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ പിന്നീട്  ഡോക്ടറിനെ പിടികൂടാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. 

കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി അടുത്തിടപഴകിയതിനെ തുടര്‍ന്നാണ് ഡോക്ടറെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തയാറാകാതെ ഡോക്ടര്‍ ആശുപത്രി വിടുകയായിരുന്നു. പിന്നീട് പോലീസ് ഉദ്യോഗസ്ഥന്‍ ഇയാളെ പിടികൂടി വീണ്ടും ക്വാറന്റൈനില്‍ പാര്‍പ്പിച്ചു. വൃന്ദാവന്‍ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് ആശുപത്രി തിങ്കളാഴ്ച മുതല്‍ ഭാഗികമായി അടച്ചിരിക്കുകയാണ്. തുടര്‍ന്ന് ഇവിടുത്തെ എല്ലാ ഡോക്ടര്‍മാരേയും ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.   

അതേസമയം ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുന്ന ഡോക്ടര്‍മാരെ സ്ഥിരമായി കാണാതാകാറുണ്ടെന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്. ഡോക്ടര്‍മാരെക്കൂടാതെ കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 13 ആരോഗ്യപ്രവര്‍ത്തകരെയും ക്വാറന്റൈനിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ പലരേയും ബുധനാഴ്ച രാത്രി കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ കോവിഡ് പരിശോധന ഇപ്പോഴും നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കാണാതായ ആരോഗ്യപ്രവര്‍ത്തകരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അധികൃതർ പറയുന്നു. ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കടന്നുകളഞ്ഞ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ മജിസ്‌ട്രേറ്റ് സര്‍വാഗ്യ റാം മിശ്ര പറഞ്ഞു

Content Highlights: covid 19 UP doctor escaped from qurantine police chase him down