കോഴിക്കോട്: കേരളത്തില്‍ കോവിഡ് വ്യാപനം തുടരുന്നതില്‍ പേടിക്കേണ്ടതില്ലെന്ന് ഐ.സി.എം.ആര്‍. ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുന്‍ മേധാവി ഡോ. ജേക്കബ് ജോണ്‍. ''ആസ്പത്രികളില്‍ കൂടുതല്‍ രോഗികളെത്തുന്നില്ലെങ്കില്‍ അതിന്റെയര്‍ത്ഥം അണുബാധ മാരകമല്ലെന്നാണ്. അതുകൊണ്ടുതന്നെ അണുബാധിതരുടെ എണ്ണം കണ്ട് പേടിക്കേണ്ട കാര്യമില്ല.'' വെല്ലൂരിലെ വീട്ടില്‍ നിന്നും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു ഡോ. ജേക്കബ് ജോണ്‍.

കേരളത്തില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം കുറയുന്നില്ല. ഇന്നലെ(ജൂലായ് 21) 17,481 പേരാണ് അണുബാധിതരായത്. ഡോക്ടര്‍ക്കെന്താണ് പറയാനുള്ളത്?

മറ്റ് സ്ഥലങ്ങളില്‍ വൈറസിനെ കയറൂരി വിട്ടതു പോലെയായിരുന്നു. അതവിടെക്കിടന്ന് മേഞ്ഞു. ഒരു തരം കാട്ടുതീ പടരുന്നതു പോലെയായിരുന്നു അത്. കേരളത്തില്‍ നമ്മള്‍ കരുതല്‍ എടുത്തതുകൊണ്ട് വൈറസിന് ആദ്യം അത്രയ്ക്കങ്ങ് സ്വാതന്ത്ര്യം കിട്ടിയില്ല. മൊത്തം കണക്കെടുത്താല്‍ ഇപ്പോഴും കേരളവും ഇതര സംസ്ഥാനങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ടാവില്ലെന്നാണ് ഞാന്‍ കരുതുന്നത്. ആസ്പത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് ബാധിതരുടെ ചികിത്സ വളരെ നന്നായി കൈാര്യം ചെയ്യാന്‍ കേരളത്തിനായി എന്നത് മറക്കരുത്. അണക്കെട്ട് ഒറ്റയടിക്ക് തുറക്കാതെ നിയന്ത്രിതമായ തോതില്‍ വെള്ളം വിട്ടാല്‍ സംഗതി വലിയ പ്രശ്നമില്ലാതെ കൈകാര്യം ചെയ്യാനാവും എന്ന് പറയുന്നതുപോലെയാണിത്.

കോവിഡ് ബാധിതരുടെ എണ്ണം കേരളത്തില്‍ കുറയാത്തത് ആശങ്കയുളവാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു?

അതൊരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് ആണ്. അതിനെ അങ്ങിനെ തന്നെ കണ്ടാല്‍ മതി.

കേരളത്തിലേത് രണ്ടാം തരംഗം അവസാനിക്കുന്നതല്ലെന്നും മൂന്നാം തരംഗത്തിന്റെ തുടക്കം കൂടിയായേക്കാമെന്നും ചില കേന്ദ്രങ്ങളില്‍ നിന്ന് നിരീക്ഷണങ്ങള്‍ ഉയര്‍ന്നിരുന്നു?

ദക്ഷിണാഫ്രിക്കയിലെ  മൂന്നാം തരംഗവും ഇംഗ്ലണ്ടിലെ നാലാം തരംഗവും സംഭവിച്ച സമയത്താണ് ദേശീയ തലത്തില്‍ ഇവിടെ രണ്ടാം തരംഗമുണ്ടായത്. ഇനിയിപ്പോള്‍ ഇവിടെ ഒരു മൂന്നാം തരംഗമുണ്ടാവാനുള്ള സാദ്ധ്യത കുറവാണ്. ദേശീയ തലത്തില്‍ വൈറസ് അഴിഞ്ഞാടിയപ്പോള്‍ കേരളത്തില്‍ അതിനെ ഒന്ന് പിടിച്ചു നിര്‍ത്താന്‍ നമുക്കായി.

അത് കേരളത്തിലെ പൊതുജനാരോഗ്യ മേഖലയുടെ മികവ് കൊണ്ടല്ലേ?

അതെ! ഒപ്പം കേരളത്തിലെ ജനങ്ങള്‍ കോവിഡിനെതിരെ കഴിയുന്നത്ര മുന്‍കരുതലുമെടുത്തു. ഇപ്പോള്‍ വാക്സിനേഷനിലും കേരളം സ്വീകരിക്കുന്ന നടപടികള്‍ ശ്ലാഘനീയമാണ്. 86 വയസ്സുള്ള എന്റെ പെങ്ങള്‍ കുന്നംകുളത്തുണ്ട്. വാക്സിനെടുക്കണമെന്ന് ഞാന്‍ പറയുമ്പോള്‍ പുറത്തുപോയി എടുക്കാന്‍ പറ്റില്ലെന്നാണ് പെങ്ങള്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ എനിക്ക് കിട്ടിയ വിവരം പഞ്ചായത്തുകാര്‍ വീട്ടിലെത്തി പെങ്ങള്‍ക്ക് കുത്തിവെയ്പ് നടത്തിയെന്നാണ്.

കേരളത്തില്‍ ലോക്ക്ഡൗണ്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഡോക്ടര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ നിലപാടില്‍ മാറ്റമുണ്ടോ?

ലോക്ക്ഡൗണ്‍ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായോ എന്നാണ് ചോദ്യം. കുഭമേളകള്‍ നടത്തണമെന്നല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കരുതലോടെയുള്ള നിയന്ത്രണങ്ങളാവാം. അല്ലാതെയുള്ള ലോക്ക്ഡൗണ്‍ തുടരേണ്ടതില്ല എന്നാണ് എന്റെ നിലപാട്. ആവശ്യത്തിന് വാക്സിന്‍ ലഭ്യമായിരുന്നെങ്കില്‍ കേരളം കോവിഡിനെ നേരിടുന്നതില്‍ എത്രയോ മുന്നേറുമായിരുന്നു.  വാക്സിന് ജനുവരിയില്‍ അനുമതി കിട്ടിയതാണ്. ഇതിപ്പോള്‍ ജൂലായ് ആയിട്ടും വാക്സിന്‍ ലഭ്യത പ്രശ്നമാണ്. ആവശ്യത്തിന് വാക്സിന്‍ ലഭ്യമാക്കാതെ കോവിഡ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല.

നമ്മള്‍ ആദ്യ ചോദ്യത്തിലേക്ക് ഒന്നു തിരിച്ചുപോവുകയാണ്. അണുബാധിതരുടെ എണ്ണം കുറയാത്തതില്‍ കേരളം പേടിക്കേണ്ടതില്ല എന്നാണോ ഡോക്ടര്‍ പറയുന്നത്?

ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. ഈ രണ്ട് വിഭാഗത്തിലും വര്‍ദ്ധനവുണ്ടായാലാണ് പേടിക്കേണ്ടത്. അങ്ങനെയില്ലെങ്കില്‍ അണുബാധ മാരകമല്ലെന്നാണര്‍ത്ഥം. അതുകൊണ്ടുതന്നെ അണുബാധിതരുടെ എണ്ണം കൂടുന്നതുകൊണ്ടു മാത്രം കേരളം പേടിക്കേണ്ടതില്ല.

ഇപ്പോഴത്തെ ഈ വ്യാപനം എത്ര നാള്‍ കൂടി നീണ്ടുനില്‍ക്കാനാണ് സാദ്ധ്യത?

ഓഗസ്റ്റ് അവസാനത്തോടെ ഇതിന് സമാപ്തിയാവുമെന്നാണ് ഞാന്‍ കരുതുന്നത്. അപ്പോഴേക്കും വാക്‌സിനും ആവശ്യത്തിന് ലഭ്യമാകും. ഭാരത് ബയോടെക്ക് പറയുന്നത് ഓഗസ്റ്റ് അവസാനത്തോടെ കൊവാക്സിന്റെ ഉത്പദാനത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാകുമെന്നാണ്. നേരത്തെ അവര്‍ക്ക് കൊവാക്‌സിന്‍ നിര്‍മ്മാണത്തിന് ഒരു യൂണിറ്റേ ഉണ്ടായിരുന്നുള്ളു. പ്രതിമാസം 20 ദശലക്ഷം ഡോസ് വാക്സിനാണ് ഈ യൂണിറ്റില്‍ നിര്‍മ്മിച്ചിരുന്നത്. ഇപ്പോള്‍ പുതുതായി മൂന്നു യൂണിറ്റുകളില്‍ കൂടി വാക്സിന്‍ നിര്‍മ്മാണം തുടങ്ങിയിട്ടുണ്ട്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടും അവരുടെ വാക്സിന്‍ നിര്‍മ്മാണ ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഓഗസ്റ്റ് അവസാനത്തോടെ  വാകസിന്‍ ലഭ്യതയില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്ന് കരുതപ്പെടുന്നത്.

അപ്പോള്‍ ഡോക്ടര്‍ പറഞ്ഞുവരുന്നത് മരണനിരക്കും ആസ്പത്രി പ്രവേശനവും കൂടുന്നില്ലെങ്കില്‍ കടുത്ത ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വേണ്ടന്നാണ്?

അതെ. ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. സാമ്പത്തികവും മതപരവും സാമൂഹ്യപരവുമായ  ഇടപാടുകള്‍ ചില പരിധികള്‍ക്കുള്ളില്‍ അനുവദിക്കണം. ഒരു ദിവസം മാത്രം കടകള്‍ തുറക്കുന്ന പരിപാടി തീരെ ശാസ്ത്രീയമല്ല. എട്ട് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കട രണ്ട് മണിക്കൂര്‍ കൂടി കൂടുതലായി പ്രവര്‍ത്തിപ്പിച്ച് ഒരേ സമയം വരുന്ന ആളുകളുടെ എണ്ണം കുറയ്ക്കുകയാണ് വേണ്ടത്. ആളുകള്‍ വന്നും പൊയ്ക്കൊണ്ടും ഇരിക്കണം. ആള്‍ക്കൂട്ടം ഒഴിവാക്കണം. അമേരിക്കയിലും മറ്റും ഇങ്ങനെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

കേരളത്തില്‍ ഒരു മൂന്നാം തരംഗത്തിന് സാദ്ധ്യത കുറവാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഇത് ഒന്നുകൂടി വിശദമാക്കാമോ?

എന്റെ ഇന്റലിജന്റ് ഗസ്സ് ആണത്. ഡെല്‍റ്റ വേരിയന്റിനേക്കാള്‍ കൂടുതല്‍ വ്യാപകമായി പടരുന്ന മറ്റൊരു വകഭേദം ഇനിയും കണ്ടെത്തിയിട്ടില്ല. വൈറസിന്റെ വകഭേദങ്ങള്‍ കണ്ടെത്താനുള്ള ശ്രമമാണ് വേണ്ടത്. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട്. നിലവില്‍ 28 ലാബുകളില്‍  കോവിഡ് 19-ന്റെ വകഭേദങ്ങള്‍ കണ്ടെത്തുന്നതിനുള്ള പഠനങ്ങള്‍ നടക്കുന്നുണ്ട്. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള സംവിധാനം ഈ ലാബുകളില്‍ ഒരുക്കാന്‍ നടപടി വേണം. ഇപ്പോള്‍ ഡെല്‍റ്റ വേരിയന്റിന്റെ ആക്രമണമാണ് ലോകമെമ്പാടും നടക്കുന്നത്.

കേരളത്തില്‍ വാക്സിന്‍ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിനുള്ള പദ്ധതിയില്‍ ഡോക്ടറേയും സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ മേഖലയില്‍ പുതിയ സംഭവവികാസങ്ങള്‍ എന്തെങ്കിലുമുണ്ടോ?

കോവിഡ് 19-നെതിരെയുള്ള വാക്സിന്‍ നിര്‍മ്മാണം ഇപ്പോള്‍ കേരളത്തിന്റെ അജണ്ടയില്‍ ഇല്ല. അതിന് സമയമെടുക്കും. ചുരുങ്ങിയത് ഒരു കൊല്ലമെങ്കിലും ഇതിന് വേണ്ടിവരും. അപ്പോഴേക്കും കോവിഡ് വാക്‌സിന്‍ ലോകമെമ്പാടും ഇഷ്ടം പോലെ ലഭ്യമായിരിക്കും. അതുകൊണ്ടുതന്നെ മറ്റ് വാക്സിനുകള്‍ നിര്‍മ്മിക്കാനാവുമോ എന്നാണ് ആലോചിക്കുന്നത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൊണ്ടുവരാനാകുമോ എന്നും ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഇത്തരം വിഷയങ്ങളില്‍ ത്വരിതഗതിയില്‍ തീരുമാനം എടുക്കാനും നടപ്പാക്കാനും കഴിയണം.

Content Highlights: Covid 19 third wave may not happen in India, says Virologist Dr. Jacob John