ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകളില്‍ 78 ശതമാനം രോഗികള്‍ പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ന്യൂഡല്‍ഹി, രാജസ്ഥാന്‍, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ് 78.58 ശതമാനം കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച വ്യക്തമാക്കി. 

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചു വരുന്ന സ്ഥിതിവിശേഷമാണ് നിലവില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോഡ് കണക്കാണ് രേഖപ്പെടുത്തിയത്. 2,73,810 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചു. 

68,631 പേര്‍ക്ക് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്ര കോവിഡിന്റെ ആദ്യതരംഗത്തിലും ഏറെ ബാധിക്കപ്പെട്ട സംസ്ഥാനമാണ്. രണ്ടാം തരംഗത്തിലും രാജ്യത്തെ ഏറ്റവുമധികം കോവിഡ് രോഗികളുള്ള സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള  ഉത്തര്‍പ്രദേശില്‍ 30,566 പേര്‍ക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടു പിന്നാലെയുള്ള ഡല്‍ഹിയില്‍ പ്രതിദിന രോഗികളുടെ എണ്ണം 25,462 ആയി ഉയര്‍ന്നു. 

മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഡല്‍ഹി, തമിഴ്‌നാട്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാണ, രാജസ്ഥാന്‍, പഞ്ചാബ്, കേരളം, തെലങ്കാന, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡിഷ, ഉത്തരാഖണ്ഡ്, ജമ്മു & കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ രോഗവ്യാപന നിരക്കില്‍ കുത്തനെയുള്ള വര്‍ധനവുള്ളതായി കണക്കുകളില്‍ പ്രതിഫലിക്കുന്നു. 

രാജ്യത്തെ മൊത്തം സജീവരോഗികളുടെ 63.18 ശതമാനത്തോളവും മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇന്ത്യയില്‍ 19,29,329 സജീവരോഗികളാണുള്ളത്. മൊത്തം രോഗികളുടെ 12.81 ശതമാനത്തോളം വരുമിത്. 1,28,013 കേസുകളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ വര്‍ധിച്ചത്. 

രോഗമുക്തി നിരക്കിലെ വര്‍ധനവും മരണനിരക്കില്‍ രേഖപ്പെടുത്തിയ കുറവും അല്‍പം ആശ്വാസം പകരുന്നു. 24 മണിക്കൂറിനിടെ 1,44,178 പേരാണ് രോഗമുക്തരായത്. രാജ്യത്ത് ഇതുവരെ 1,29,53,821 പേര്‍ കോവിഡ് മുക്തി നേടി. ദേശീയതലത്തില്‍ 1.19 ശതമാനം മാത്രമാണ് നിലവിലെ കോവിഡ് മരണനിരക്ക്. പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ് 85.11 ശതമാനം മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1619 പേര്‍ കോവിഡ് മൂലം മരിച്ചതായാണ് കണക്ക്. ഇതില്‍ 503 പേര്‍ മഹാരാഷ്ട്രയിലാണ്. ഛത്തീസ്ഗഡില്‍ 170 മരണം റിപ്പോര്‍ട്ട് ചെയ്തു. 

പത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിന്ന് 24 മണിക്കൂറിനിടെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലഡാക്ക്, ദാമന്‍,ദിയു& ദാദ്രാ നഗര്‍ ഹവേലി, ത്രിപുര, സിക്കിം, മിസോറാം, മണിപ്പുര്‍, ലക്ഷദ്വീപ്, നാഗാലാന്‍ഡ്, എ & എന്‍ ദ്വീപുകള്‍, അരുണാചല്‍ പ്രദേശ് എന്നിവടങ്ങളില്‍ നിന്ന് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

രാജ്യത്ത് ഇതുവരെ 12.38 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തു. 12,38,52,566 വാക്‌സിന്‍ ഡോസുകള്‍ വിവിധ വിഭാഗക്കാര്‍ക്കായി  ഇതു വരെ വിതരണം ചെയ്തതായാണ് കണക്ക്.. ഇതിന്റെ 59.42 ശതമാനത്തോളം എട്ട് സംസ്ഥാനങ്ങളിലാണ് വിതരണം ചെയ്തിട്ടുള്ളത്. ഏപ്രില്‍ 18 ന് മാത്രം 12 ലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തു. 12,30,007 ഡോസുകള്‍ 24 മണിക്കൂറിനിടെ നല്‍കി. 

 

Content Highlights: COVID-19 Ten states account for over 78 per cent of new cases