ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിലും പരിസര പ്രദേശങ്ങളിലും ശുചീകരണം നടത്തി. പാര്‍ലമെന്റ് ജീവനക്കാരായ ആറ് പേര്‍ക്ക് ഇതിനോടകം കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്നാണ് നടപടി.

പാര്‍ലമെന്റ് കെട്ടിടത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സിപിഡബ്ല്യുഡി), ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ (എന്‍ഡിഎംസി) വകുപ്പുകള്‍ക്ക് പുറമേ മറ്റ് വിഭാഗങ്ങളിലും ശുചീകരണം നടത്തി.  സോഡിയം ഹൈഡ്രോക്ലോറൈഡ് പോലുള്ള ശക്തമായ രാസ അണുനാശിനികളുപയോഗിച്ചാണ് പാര്‍ലമെന്റിലും പരിസരത്തും ശുചീകരണം നടത്തിയത്. 

കെട്ടിടങ്ങളുടെ അകത്തും പുറത്തും, വിശ്രമ മുറികള്‍ എന്നിവിടങ്ങളിലടക്കമാണ് ശുചീകരണം നടത്തിയത്. 

പാര്‍ലമെന്റ് കെട്ടിടത്തില്‍ കോവിഡ് -19 പടരുന്നത് തടയാന്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള നടത്തിയ പരിശോധനയ്ക്ക് ശേഷം ലോക്‌സഭാ സെക്രട്ടേറിയറ്റ് മാര്‍ച്ച് 21 ന് ശുചിയാക്കിയിരുന്നു. ഇതിന് ശേഷം ആഴ്ചതോറും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. 

മുന്‍കരുതല്‍ എന്ന നിലയിലും കെട്ടിടത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ സമ്പര്‍ക്കത്തില്‍ വരുന്നത് കുറക്കുന്നതിനുമാണ് നടപടി. അതേസമയം ഒരു നിശ്ചിത ആള്‍ക്കാര്‍ ഇപ്പോഴും വര്‍ക്ക് ഫ്രം ഹോം സൗകര്യത്തിലും ജോലി ചെയ്ത് വരുന്നുണ്ട്. 

Content Highlights: covid 19 sanitation drive on Parliament